
തിരുവനന്തപുരം: ഉത്രാട ദിനത്തിൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പന ശാലകളിൽ മദ്യം വാങ്ങാനെത്തിയത് ആറു ലക്ഷം പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തിരുവോണത്തലേന്ന് ബെവ്കോയുടെ വിറ്റുവരവിലുണ്ടായ വർദ്ധന 4.12 കോടി രൂപ. അത്തം പിറന്ന ശേഷമുള്ള എട്ടു ദിവസങ്ങളിലെ മദ്യവില്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41 കോടിയുടെ വർദ്ധനയാണ് ബെവ്കോയ്ക്ക് ലഭിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് 700. 06 കോടിയുടെ വില്പനയാണ് നടന്നത്. ഇക്കുറി പ്രതീക്ഷിക്കുന്നത് 770 കോടിയാണ്.
ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വില്പന രേഖപ്പെടുത്തിയത് ഇരിങ്ങാലക്കുടെ ഷോപ്പാണ്.106.22 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. 101.03 ലക്ഷത്തിന്റെ മദ്യം വിറ്റ കൊല്ലം ജില്ലയിലെ ആശ്രാമം ഷോപ്പാണ് രണ്ടാം സ്ഥാനത്ത്. ഏറ്രവും കൂടുതൽ വില്പന നേടിയ 10 ബെവ്കോ വില്പനശാലകളിൽ മൂന്നും തൃശൂർ ജില്ലയിലാണ്. 88.59 ലക്ഷത്തിന്റെ വില്പന നേടിയ ചാലക്കുടി ആറാം സ്ഥാനത്തും 82.28 ലക്ഷത്തിന്റെ വില്പനയുള്ള പൊക്ളായി 9-ാം സ്ഥാനത്തുമാണ്. 274 ഷോപ്പുകളാണ് ബെവ്കോയ്ക്ക് ഇപ്പോഴുള്ളത്. ഒരു ഷോപ്പിൽ ശരാശരി 2000 പേർ വീതം എത്തിയതായാണ് കണക്കാക്കുന്നത്.
ചതയ ദിനമായ ഇന്നും മാസാദ്യമായ നാളെയും ബാറുകളും വിദേശ മദ്യശാലകളും അവധിയാണ്. നാളെ കള്ള് ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |