
തിരുവനന്തപുരം: ഗുരുദേവന്റെ മഹത്തായ ജീവിത ദർശനം ജീവിത വ്രതമാക്കി ആത്‌മീയതയുടെയും മാനവികതയുടെയും പാതയിൽ സ്വാമി സച്ചിദാനന്ദ നടത്തുന്ന പ്രവർത്തനങ്ങൾ മനുഷ്യ മനസുകളിൽ വെളിച്ചമായി മാറിയെന്നു മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.സന്യാസ ജീവിതത്തിന്റെ അര നൂറ്റാണ്ട് പൂർത്തിയാക്കിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്‌ക്ക് ആദരവ് നൽകാൻ
ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
മന്ത്രി.
സമൂഹത്തെ പ്രകാശ പൂരിതമാക്കുന്ന ഇത്തരം വ്യക്തിത്വങ്ങൾ നമ്മുടെ സമ്പത്താണ്. ശ്രീനാരായണ ഗുരുദേവൻ ഉൾപ്പടെയുള്ള നവോത്ഥാന നായകരുടെ പ്രയത്ന ഫലമായി കേരളത്തിൽ അസ്തമിച്ച ജാതീയതയുടെ അംശങ്ങൾ ചെറിയ തോതിലെങ്കിലും ഉയർന്നു വരുന്നുണ്ട്. സാമൂഹ്യ അനീതികൾക്കെതിരായ സ്വാമി സച്ചിദാന്ദയുടെ വാക്കുകൾ ഗൗരവത്തോടെയാണ് പൊതുസമൂഹം കാണുന്നത്. ആത്‌മീയതയുടെ ഉയരങ്ങളിൽ നിൽക്കുമ്പോഴും സാധാരണക്കാർക്കും ഏതാവശ്യത്തിനും ഓടിയെത്താൻ കഴിയുന്ന ഇടമായി ശിവഗിരി മഠത്തെ മാറ്റിയത് സ്വാമി സച്ചിദാനന്ദയും ഡയറക്ടർ ബോർഡംഗങ്ങളുമാണ്. അമൂല്യമായ കാഴ്ചപ്പാടുകളുമായി മുന്നോട്ടു പോകുന്ന സ്വാമി സച്ചിദാന്ദയുടെ ആത്‌മീയ ജീവിതം ഇനിയും ഏറെ വർഷങ്ങൾ പ്രഭ പരത്തി നിൽക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
വി.ജോയി എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീനാരായണഗുരു ഗ്ലോബൽ കോൺഫെഡറേഷൻ ഏർപ്പെടുത്തിയ 'ശ്രീനാരായണ ഗുരുരത്നം' ദേശീയ ബഹുമതി വി.മുരളീധരൻ എം.എൽ.എ സ്വാമി സച്ചിദാനന്ദയ്‌ക്ക് സമർപ്പിച്ചു .ഗുരുദേവ സ്ഥാപനങ്ങളിൽ ശുദ്ധീകരണം അനിവാര്യമാണെന്നും ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും മൂല്യങ്ങളും മുറുകെപ്പിടിച്ചുള്ള പ്രവർത്തനങ്ങളാണ് എല്ലാ ഗുരുദേവ സ്ഥാപനങ്ങളുടെയും ലക്ഷ്യമാകേണ്ടതെന്നും സ്വാമി സച്ചിദാനന്ദ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
അടൂർ പ്രകാശ് എം.പി, മുൻ മന്ത്രി വി.എം.സുധീരൻ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ,സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീർത്ഥ ,സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണാശ്രമം,തൃശൂർ ), സ്വാമി ശിവാമൃതാനന്ദ ( അമൃതപുരി ), ഫാ. കോശി ജോർജ് വരിഞ്ഞവിള, എസ്.സുവർണ്ണകുമാർ,പി.എസ് .ബാബുറാം, കെ.എ.ബാഹുലേയൻ, കെ.ആർ.അനിൽകുമാർ എന്നിവർ പങ്കെടുത്തു. ശിവഗിരി മഠത്തിലെ ബ്രഹ്മചാരികൾ സ്വാമി സച്ചിദാനന്ദയ്‌ക്ക് പാദപൂജ നടത്തി .ഗുരുധർമ്മ പ്രചാരണസഭ പ്രവർത്തകർ ഉപഹാരങ്ങൾ സമ്മാനിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |