SignIn
Kerala Kaumudi Online
Sunday, 19 July 2026 6.22 AM IST

ഇന്ത്യൻ ബഹിരാകാശത്തും സ്വകാര്യ തിളക്കം: ഇന്ത്യയുടെ ഇലോൺ മസ്കാവും പവൻ കുമാർ ചന്ദന # വി.എസ്.എസ്.സിയിൽ തുടക്കം

pavan

തിരുവനന്തപുരം:ആദ്യശ്രമത്തിൽ തന്നെ വിക്ഷേപണ ദൗത്യം വിജയിപ്പിച്ചതോടെ സ്വകാര്യറോക്കറ്റ് വിക്രം 1 ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി. സ്‌കൈറൂട്ട് എന്ന സ്ഥാപനവും 36കാരനായ അതിന്റെ സി.ഇ.ഒ.പവൻ കുമാർ ചന്ദനയും ചരിത്രമെഴുതുകയാണ്.

വൈകാതെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്താൻ കഴിവുള്ള സ്വകാര്യ കമ്പനികളുടെ ആഗോള ക്ലബ്ബിൽ സ്‌കൈറൂട്ടും ഇടംനേടും. ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്സ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ എന്നിവയടക്കം വളരെ കുറച്ച് സ്ഥാപനങ്ങൾ മാത്രം കൈവരിച്ച നേട്ടമാണ് ഇന്ത്യൻ കമ്പനിയായ സ്‌കൈറൂട്ടും സ്വന്തമാക്കിയത്.

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം എന്ന ചെറുപട്ടണത്തിലാണ് പവൻ കുമാർ ചന്ദനയുടെ ജനനം. ഇടത്തരം കുടുംബത്തിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലം മുതൽ ബഹിരാകാശത്തിന്റെ നിഗൂഢതകൾ അറിയാനായിരുന്നു ആകാംക്ഷ. പഠിക്കാനുള്ള അഭിനിവേശം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എൻജിനീയറിംഗ് സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടി ഖരഗ് പൂരിലാണ് കൊണ്ടെത്തിച്ചത്. അവിടെ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. ബഹിരാകാശ മേഖലയിലേക്കുള്ള വഴി തെളിഞ്ഞതും

ആ പഠനത്തിലാണ്.

2012ൽ ബിരുദം നേടിയശേഷം തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ റോക്കറ്റ് രൂപകൽപന വിഭാഗത്തിൽ ചേർന്നു.ജി.എസ്.എൽ.വി.,എൽ.വി.എം.3 നിർമ്മാണ ടീമിൽ പ്രവർത്തിച്ചശേഷം എസ്.എസ്.എൽ.വി.എന്ന പുതിയ പ്രോജക്ടിൽ ഡെപ്യൂട്ടി പ്രൊജക്ട് മാനേജരായി. ട്രബിൾ ഷൂട്ടറായും പുതിയ ആശയങ്ങൾ മുന്നോട്ടുവച്ചും നിരവധി പുരസ്ക്കാരങ്ങൾ നേടി.2018ൽ 27മത്തെ വയസിൽ പവൻ ഐ.എസ്.ആർ.ഒ.വിടുമ്പോൾ ഇന്ത്യ സ്വകാര്യ റോക്കറ്റിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.

എന്നാൽ, പല ഭാഗങ്ങളുടെയും നിർമ്മാണം സ്വകാര്യ സ്ഥാപനങ്ങളെ ഏല്പിച്ചിരുന്നു. ആ പാതയിൽ ചുവടുറപ്പിക്കാൻ ഹൈദരാബാദിൽ സ്കൈറൂട്ട് കമ്പനിക്ക് രൂപം നൽകുമ്പോൾ സ്വന്തം റോക്കറ്റ് സ്വപ്നം മാത്രമായിരുന്നു.

വി.എസ്.എസ്.സിയിലെ കൂട്ടാളിയായ നാഗ ഭാരത് ഡാകയും ഒപ്പം കൂടി .ഇന്ത്യയിലെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനായ വാസുദേവൻ ജ്ഞാനഗാന്ധിയും കൾട്ട് ഫിറ്റ് സ്ഥാപകരായ മുകേഷ് ബൻസാലും അങ്കിത് നാഗറെയും അണിയറയിൽ തുണയായി. 2020ൽ ഇന്ത്യ ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുത്തതോടെ സ്കൈറൂട്ടിന്റെ സാധ്യത ആകാശത്തോളം ഉയർന്നു.പിന്നെയെല്ലാം ചരിത്രം. ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയിലെ മുൻനിരകമ്പനിയായി സ്‌കൈറൂട്ട് മാറി. 2040 ഓടെ ചന്ദനയുടെ സ്‌കൈറൂട്ട് 100 ബില്യൺ ഡോളർ വിപണിമൂല്യം കൈവരിക്കുമെന്നാണ് വിലയിരുത്തൽ. യുഎസിന് ഇലോൺ മസ്‌കും സ്‌പേസ് എക്സുമാണ് കരുത്തെങ്കിൽ, ഇന്ത്യയ്ക്ക് അഭിമാനമാകുകയാണ് ചന്ദനയും സ്‌കൈറൂട്ടും.2018ൽ പുതിയ കമ്പനി സ്ഥാപിച്ചതിന് പിന്നാലെയായിരുന്നു വിവാഹം.നിരുപമയാണ് ഭാര്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA