
• ആഗസ്റ്റ് ഏഴിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം
കൊച്ചി: ആറ് മാസമായി ഗ്രാന്റും പ്ലാൻഫണ്ടും ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ ഏക ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്ത് പ്രവർത്തനം പ്രതിസന്ധിയിലായെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇടുക്കി കളക്ടർ, മൂന്നാർ ഡി.എഫ്.ഒ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർ അന്വേഷണം നടത്തി ആഗസ്റ്റ് ഏഴിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
എഴുത്തുകാരനായ കെ.പി.സുഭാഷ്ചന്ദ്രൻ വാർത്തയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നടപടി. കൊടുംവനത്തിനുള്ളിലുള്ള പഞ്ചായത്തിൽ കുടിവെള്ളം, വൈദ്യുതി, ഗതാഗതം, വീട്, കക്കൂസ് നിർമ്മാണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് വനംവകുപ്പ് തടസം നിൽക്കുന്നുവെന്ന പരാതികളും അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
12 അങ്കണവാടികളിലെ പോഷകാഹാര വിതരണം പ്രതിസന്ധിയിലാണ്. മൂന്നാറിൽ നിന്ന് 32കിലോമീറ്റർ അകലെ കൊടുംവനത്തിൽ 28 ഉന്നതികൾ ഉൾപ്പെട്ട പഞ്ചായത്ത് 2010 നവംബറിലാണ് രൂപീകരിച്ചത്. ഫണ്ടില്ലാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. 50 ലക്ഷം കെ.എസ്.ഇ.ബിയിൽ അടച്ചിട്ടും ഏഴ് ഉന്നതികളിലേക്ക് ലൈൻ വലിച്ചിട്ടില്ല. 7.5 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമ്മിക്കാൻ 2023ൽ പട്ടികവർഗവകുപ്പ് 13.7 കോടി അനുവദിച്ചിട്ടും പണി തുടങ്ങിയില്ല. എട്ടു കിലോമീറ്റർ ചുമന്നാലേ ഇവിടെ നിന്ന് രോഗിയെ റോഡിലെത്തിക്കാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |