
പത്തനംതിട്ട: പൊതുസ്ഥലത്ത് അപകടകരമായതും വിവിധ പദ്ധതികളുടെ ഭാഗമായും മുറിക്കേണ്ട മരങ്ങളുടെ മൂല്യനിർണയം ഇനി മുതൽ വനം വകുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർമാർക്ക് പൊതുസ്ഥലത്തെ മരങ്ങൾ മൂല്യനിർണയം നടത്താനോ മുറിച്ചുമാറ്റാനോ അധികാരമില്ല. പാലക്കാട് മണ്ണാർകാട് സ്വദേശി കെ.സതീഷ് കുമാറിന്റെ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഉത്തരവ്. സംസ്ഥാന സർക്കാർ 2024ൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുഭൂമിയിലെ മരങ്ങളുടെ മൂല്യനിർണയം വനംവകുപ്പിൽ നിന്ന് തദ്ദേശ സ്ഥാപന അസി.എൻജിനിയർമാർക്ക് കൈമാറിയിരുന്നു. ഇത് നിയമപരമായും യുക്തിപരമായും അംഗീകാരിക്കാനാവില്ലെന്ന് ഹൈക്കോടതിചൂണ്ടിക്കാട്ടിയാണ് ഇവ റദ്ദാക്കിയത്. നിലവിൽ വനം വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റർക്കാണ് മരങ്ങളുടെ മൂല്യനിർണയം നടത്തേണ്ടതിന്റെ ചുമതല.
♦ കോടതി നിരീക്ഷണം
1. മരത്തിന്റെ ഇനം, പ്രായം, ആയുസ്, ആരോഗ്യനില, പരിസ്ഥിതി പ്രാധാന്യം, ജൈവമൂല്യം, സാമ്പത്തിക മൂല്യം എന്നിവ വിലയിരുത്തുന്നത് പൊതുമരാമത്ത് എൻജിനിയറിംഗ് ജോലിയല്ല. അത്തരം വിഷയങ്ങളിൽ വനശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രത്യേക വൈദഗ്ധ്യവും അനുഭവപരിചയവും ആവശ്യമാണ്.
2.പൊതുമരാമത്ത് അസി.എൻജിനിയർ വനംവകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റർക്ക് പകരമാവില്ല.
♦ ട്രീ കമ്മിറ്റികൾ നിർജീവം
തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മറ്റികൾ നിർജീവമായതാണ് ഉദ്യോഗസ്ഥർ മുതലാക്കുന്നത്. പ്രദേശത്തെ മരങ്ങളുടെ സർവെ നടത്തുക. മരം നട്ടുപിടിപ്പിക്കുക, വെട്ടേണ്ട മരങ്ങൾക്ക് ശുപാർശ നൽകുക, അപകടാവസ്ഥയിലുള്ള മരങ്ങൾ പരിശോധിക്കുക, ഹരിതകേരളം പദ്ധതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ചുമതലകൾ. മാസത്തിൽ ഒരിക്കൽ യോഗം കൂടണമെന്നത് നടപ്പാകുന്നില്ല. തദ്ദേശ സ്ഥാപന അദ്ധ്യക്ഷർ, സ്ഥിരം സമിതി അദ്ധ്യക്ഷർ, പൊതുമരാമത്ത് പ്രതിനിധി, വനംവകുപ്പ് പ്രതിനിധി, വില്ലേജ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |