
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമ്പോൾ അതിന്റെ നേട്ടം മലബാർ മേഖലകളിലുള്ളവർക്ക് നാമമാത്രമായേ ലഭിക്കൂ. വടക്കൻ ജില്ലകളിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം തീരെ കുറവായതാണ് കാരണം. അവിടെ സ്വകാര്യ ബസുകളാണ് കൂടുതലും.
3,123 ബസുകളാണ് ഓർഡിനറി വിഭാഗത്തിൽ കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇതിൽ സർവീസ് നടത്തുന്നവ 1600- 1800 മാത്രം. 500ലധികം ബസുകൾ കട്ടപ്പുറത്താണ്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ബസുകൾ 1498. എന്നാൽ, തലസ്ഥാന നഗരത്തിൽ സിറ്റി, പേരൂർക്കട, പാപ്പനംകോട്, വികാസ് ഭവൻ ഡിപ്പോകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന നാമമാത്രമായ ബസുകൾ ഒഴികെ ബാക്കിയെല്ലാം സിറ്റി ഫാസ്റ്റായി മാറി കഴിഞ്ഞു.
വരുമാനം വർദ്ധിപ്പിക്കാനുള്ള കുറുക്കുവഴിയായിട്ടാണ് ഓർഡിനറി ബസുകളെ സിറ്റിഫാസ്റ്റാക്കിയത്. ഇവയെ സൗജന്യ സർവീസിൽ ഉൾപ്പെടുത്തേണ്ട എന്നാണ് നിലവിലെ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മറിച്ചൊരു തീരുമാനം ഉണ്ടായാൽ മാത്രമേ തിരുവനന്തപുരം നഗരത്തിലും സൗജന്യയാത്രയുടെ കാര്യമായ ഗുണം വനിതകൾക്ക് ലഭിക്കൂ.
അതേസമയം തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ ഓർഡിനറി സർവീസുകൾ ആവശ്യാനുസരണം ഉണ്ട്. വനിതകൾക്ക് 15 മുതൽ ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് നൽകും. യാത്ര ചെയ്യുന്ന ദൂരം പതിവുപോലെ രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |