
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരെ താൻ നൽകിയ പരാതി അവഗണിച്ചെന്നാരോപിച്ച്, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയിൽ മൊഴി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പാലാരിവട്ടം എസ്.എച്ച്.ഒ അനൂപിനുമെതിരെയാണ് പരാതിപ്പെട്ടത്. ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നുകാട്ടി പരാതി നൽകിയിട്ടും കമ്മിഷണർ അടക്കം ഇടപെട്ടില്ലെന്നാണ് ആരോപണം.
താൻ നൽകിയ മൊഴി പൊലീസ് റിപ്പോർട്ടിൽ തിരുത്തിയെന്നും ആക്ഷേപമുണ്ട്. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള സ്വകാര്യ അന്യായത്തിന്റെ ഭാഗമായാണ് അൻസിബ കോടതിയിലെത്തി മൊഴി നൽകിയത്. ലക്ഷ്മിപ്രിയയ്ക്കും ഒരു യുട്യൂബ് ചാനലിനുമെതിരെ ജൂൺ 26നാണ് അൻസിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
ചാനലിലൂടെ വ്യാജപ്രചാരണങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം. കേസിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി വീണ്ടും തിങ്കളാഴ്ച പരിഗണിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |