
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് ലഭ്യമാക്കാനും പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താനുമായി എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ബസ് വാങ്ങാൻ സർക്കാർ പ്രത്യേകാനുമതി നൽകി. ബസ് എം.എൽ.എ നിർദ്ദേശിക്കുന്ന റൂട്ടിൽ സർവീസ് നടത്താവുന്ന ക്രമീകരണം കെ.എസ്.ആർ.ടി.സി ഒരുക്കും. ഇതോടെ പ്രാദേശിക ഇടങ്ങളിലെ യാത്രാക്ളേശത്തിന് ഒരു പരിധി വരെ പരിഹാരമായേക്കും.
2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ.എയ്ക്ക് പരമാവധി മൂന്ന് ബസ് വരെ വാങ്ങാമെന്ന വ്യവസ്ഥയോടെയാണ് ധനകാര്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ബസുകളുടെ സീറ്റെണ്ണം, ഇന്ധന വിഭാഗം എന്നിവ കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായി ആലോചിച്ച് തീരുമാനിക്കും. ഫണ്ട് ഉറപ്പാക്കാൻ നികുതിയും രജിസ്‌ട്രേഷൻ ചാർജും ഉൾപ്പെടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക ഈ മാസം 30നകം സി.എം.ഡി കൈമാറണം. ബസ് വാങ്ങി നൽകാൻ താത്പര്യമുള്ള ജനപ്രതിനിധികൾ തങ്ങളുടെ വിഹിതം അനുവദിച്ചുള്ള നിർദ്ദേശം ഒക്ടോബർ 15ന് അകം കളക്ടർമാർക്ക് സമർപ്പിക്കണം. ഫണ്ട് ഉറപ്പാക്കിയ ശേഷം നിർദ്ദേശം ലഭിച്ച്, ഏഴ് ദിവസത്തിനകം കളക്ടർമാർ സി.എം.ഡിയെ നിർവഹണ ഉദ്യോഗസ്ഥനാക്കി ഭരണാനുമതി നൽകും.
യാത്രാബുദ്ധിമുട്ട് ഒഴിവാകും
പദ്ധതിയിൽ ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രാവശ്യങ്ങൾക്ക് മുൻഗണന
ബസുകളുടെ റൂട്ടും സർവീസും നിശ്ചയിക്കുമ്പോൾ അതത് എം.എൽ.എമാരുമായി കൂടിയാലോചിക്കും.
ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി, മറ്റ് പ്രവർത്തനച്ചെലവ് എന്നിവ കെ.എസ്.ആർ.ടി.സി വഹിക്കും
സർവീസ് വിഭാഗം, അലോട്ട്‌മെന്റ്, പുനർവിന്യാസം എന്നിവ സംബന്ധിച്ച അന്തിമ അധികാരം കോർപറേഷന്
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ഏത് വിഭാഗത്തിലും ഈ ബസുകൾ വിന്യസിക്കാം.
പൂജ, ദീപാവലി പ്രത്യേകസർവീസ്
മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേകബസുകൾ. മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്. എറണാകുളത്തേക്കുള്ളത് മൾട്ടി ആക്സിൽ എ.സി ബസാണ്. തിരിച്ചും സർവീസുണ്ട്. www.keralartc.comഎന്ന ഔദ്യോഗികവെബ്സൈറ്റ് വഴിയോ എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർഎസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റെടുക്കാം. 9447071021 എന്ന നമ്പറിലൂടെ വാട്സ്ആപ്പ് ടിക്കറ്റിംഗ് സൗകര്യവുമുണ്ട്. ഡിപ്പോ റിസർവേഷൻ കൗണ്ടർ വഴിയും ബുക്ക് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |