SignIn
Kerala Kaumudi Online
Thursday, 03 September 2026 1.15 AM IST

പ്രതിപക്ഷ ഉപനേതാവ് ത്രിശങ്കുവിൽ

c

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അവിടെയുമില്ല ഇവിടെയുമില്ല. തർക്കം ഒഴിവാക്കാൻ സി.പി.എം, സി.പി.ഐ ദേശീയ നേതൃത്വങ്ങൾ ഇത്തരത്തിൽ ധാരണയിലെത്തിയതായി സൂചന. എന്നാൽ,

പദവി ഒഴിച്ചിടുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. നിർദ്ദേശം വന്നാൽ സംസ്ഥാന കമ്മിറ്റി ചേർന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തേക്കും. ഇതിനുശേഷമാകും തീരുമാനത്തിലേക്ക് എത്തുക. സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശാല സംസ്ഥാന സമിതി ചേരുന്നുണ്ട്. അതിനു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക. തർക്കം തുടരുന്നത് മുന്നണിക്കും പാർട്ടിക്കും ഗുണം ചെയ്യില്ലെന്നാണ് സി.പി.എം ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. പദവി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് സി.പി.എമ്മും വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐയും പരസ്യനിലപാട് എടുത്ത സാഹചര്യത്തിൽ ഇനി എന്ത് എന്നുള്ളതായിരുന്നു ദേശീയ നേതൃത്വങ്ങൾ ആലോചിച്ചത്. പരസ്യ പ്രതികരണങ്ങളിലൂടെ രണ്ടു പാർട്ടികളുടെയും അഭിമാന പ്രശ്നമായി ഇതു മാറി. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ വേണ്ടെന്നു വയ്ക്കുകയാണ് ഉചിതമെന്ന ധാരണയിലേക്ക് എത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഇക്കാര്യം ചർച്ച ചെയ്യും. സി.പി.ഐ സെക്രട്ടേറിയറ്റും കൗൺസിലും ഈ വിഷയത്തിൽ ചർച്ച നടത്തും. മുന്നണിയിലെ മറ്റു ഘടകകക്ഷികൾ തർക്കം തുടരുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. പരസ്യപ്രതികരണങ്ങൾ മുന്നണി ബന്ധത്തെ ദുർബലമാക്കിയെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതു തുടരുന്നത് പ്രതിപക്ഷമെന്ന നിലയിൽ വലിയ തിരിച്ചടിക്ക് ഇടയാക്കും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഏറ്റെടുക്കാൻ തർക്കം തടസമായി മാറുന്നു. തർക്കം നീട്ടിക്കൊണ്ടുപോകാതെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ഘടകകക്ഷികൾ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമവായ ഫോർമുലയോട് സി.പി.ഐ സംസ്ഥാന ഘടകം എതിർപ്പ് പ്രകടിപ്പിക്കാൻ ഇടയില്ലെന്നാണ് അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA