SignIn
Kerala Kaumudi Online
Saturday, 12 September 2026 10.46 AM IST

തിരക്കഥയിലെ കാൻസർ ശരീരത്തിലും; കീമോ കഴിഞ്ഞ് പ്രിയ കാമറയ്ക്ക്‌ മുന്നിൽ

priya

കോട്ടയം:കാൻസർ ബോധവത്കരണ ഷോർട്ട് ഫിലിമിന്റെ തിരക്കഥ എഴുതുമ്പോൾ സംവിധായിക പ്രിയ ഷൈനിന്റെ ശരീരത്തിൽ അതേ രോഗത്തിന്റെ തിരക്കഥ പൂർത്തിയായിരുന്നു. അറിഞ്ഞപ്പോൾ പ്രിയ തളർന്നില്ല. സിനിമയോടുള്ള ആവേശവും ഇച്ഛാശക്തിയും കൊണ്ട് അതിജീവനത്തിന്റെ തിരക്കഥ എഴുതി. ആദ്യ കീമോ കഴിഞ്ഞ് നാലാം ദിനം കാമറയ്ക്ക് മുന്നിലെത്തി. രോഗത്തിന്റെ പേരിൽ വിലപിച്ചില്ല. അതിന് സമയവുമില്ല!

പാലാ പുള്ളോലിൽ കുടുംബാംഗവും തൃപ്പൂണിത്തുറയിൽ താമസക്കാരിയുമായ പ്രിയ യാതൊരു മുൻപരിചയവുമില്ലാതെയാണ് ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ആൽബങ്ങളുമൊക്കെ സംവിധാനം ചെയ്തത്. കാമറയ്ക്ക് മുന്നിലും പിന്നിലുമായി 51 സൃഷ്ടികൾ. മിക്കതിനും അവാർഡുകൾ. ജീവിതം അത്രമേൽ ആനന്ദത്തിലായപ്പോഴാണ് കാൻസർ തിരക്കഥ മാറ്റിയെഴുതിയത്. ഈ വർഷം ആദ്യം സ്വയം അഭിനയിക്കാനൊരുങ്ങുമ്പോൾ നിറഞ്ഞ മുടിയായിരുന്നു വെല്ലുവിളി. പപ്പടം ഒട്ടിച്ച് പരമാവധി മറയ്ക്കാൻ ശ്രമിച്ചെങ്കിലും അഭംഗിയായതോടെ ഷൂട്ട് നീട്ടിവച്ചു. മാസങ്ങൾക്കകം വിധി കാത്തുവച്ചത് മറ്റൊന്ന്. മാറാത്ത കൈ വേദനയെ തുടർന്ന് എറണാകുളം ലേക്‌ ഷോർ ആശുപത്രിയിലെ പരിശോധനയിൽ തെളിഞ്ഞത് മാറിടത്തിൽ കാൻസറിന്റെ വളർച്ച.

കീമോ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നീളൻ മുടി കൂട്ടത്തോടെ പൊഴിഞ്ഞു തുടങ്ങി. തെല്ലും അമാന്തിച്ചില്ല. ശേഷിച്ച മുടി വടിച്ച് പഴയ തിരക്കഥയുമായി കാമറയ്ക്ക് മുന്നിലെത്തി. കീമോയുടെ പ്രഹരം ശരീരത്തെ പലതവണ തളർത്തി. തലകറങ്ങുന്നതും തളർന്നു വീഴുന്നതും അഭിനയിക്കാതെ കാമറ പകർത്തി. ആശുപത്രിയിലെ ചില ഷോട്ടുകൾ കൂടി പൂർത്തിയാക്കിയാൽ എഡിറ്റിംഗ്. എഴുതിയ തിരക്കഥയിൽ സ്വന്തം ജീവിതാനുഭവം ചാലിക്കേണ്ടി വന്നത് വിധിയുടെ വിനോദം. 'കാൻസർ' ഷോർട്ട് ഫിലിം പൂർത്തിയാക്കിയ ശേഷം ഗുരുദേവന്റെ ജനനം മുതൽ സമാധി വരെയുള്ള ജീവിത കഥ പരമ്പരയാക്കണമെന്ന സ്വപ്നത്തിന് പിന്നാലെയാണ്. ഇതിനായുള്ള പഠനത്തിലാണ് പ്രിയ സദാ സമയവും. ഷൈനാണ് ഭർത്താവ്. സിനിമാട്ടോഗ്രാഫർ കൂടിയായ അദ്വൈത് ഷൈൻ ഏക മകൻ.

'' തളരാൻ ഞാൻ ഒരുക്കമല്ല. കാൻസർ ബോധവത്കരണത്തിന്റെ തിരക്കഥ പൂർത്തിയാക്കിയപ്പോൾ അതേ രോഗം എന്നെ ബാധിച്ചത് നിയോഗമായി കാണുന്നു'' -

പ്രിയ ഷൈൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA