
തിരുവനന്തപുരം: മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകൾ ഇ.ഡിയുടെ കത്തിലില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിനെ അറിയിച്ചു. ചില നിഗമനങ്ങൾ മാത്രമാണുള്ളത്. അതിനാൽ ഡി.ജി.പിക്ക് ഇ.ഡി നൽകിയ കത്തിനെ മാത്രം അടിസ്ഥാനമാക്കി വിജിലൻസിന് കേസെടുക്കാനാവില്ല.
പണമിടപാടുകളെല്ലാം ബാങ്കു വഴിയാണ്. പ്രാഥമിക വിവരമാണ് എ.ജി കൈമാറിയത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.ആസിഫലിയുമായിക്കൂടി ചർച്ച നടത്തിയശേഷം തിങ്കളാഴ്ച വിശദ നിയമോപദേശം നൽകാമെന്നും എ.ജി അറിയിച്ചു. വീണാ വിജയന്റെ പണമിടപാടുകളിൽ അഴിമതിനിരോധന നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇ.ഡിയുടെ കത്ത്.
സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണയിലൂടെ പിണറായി 3.28 കോടി കൈപ്പറ്റിയെന്നാണ് കത്തിലുള്ളത്. ദുബായിലേക്ക് 85ലക്ഷം രൂപ മാറ്റിയതിന്റെ വിവരങ്ങളും 20.05കോടിയുടെ ഹവാലയെന്ന് സംശയിക്കാവുന്ന പണമിടപാട് കണക്കുകളും ലഭിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. പണമിടപാടുകളെക്കുറിച്ച് വീണ കൈപ്പടയിലെഴുതി സൂക്ഷിച്ചിരുന്ന കണക്കുകൾ ശേഖരിച്ചു. റിയാസ് കൈക്കൂലി വാങ്ങി, പണം ദുബായിലേക്കു കൈമാറി, പണം കടത്തുന്നതിന് വീണ സഹായിച്ചെന്നുമാണ് കത്തിൽ. എന്നാൽ, ദുബായിൽ ആർക്കാണ് പണം നൽകിയതെന്ന് ഇ.ഡി പറയുന്നില്ലെന്ന് എ.ജി വ്യക്തമാക്കി.
വീണ സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയതും റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്ക് പണം നൽകിയതുമെല്ലാം അക്കൗണ്ട് വഴിയാണ്. ഇതിന്റെ രേഖകൾ കത്തിനൊപ്പമുണ്ട്. സ്വകാര്യവ്യക്തികൾ തമ്മിലുള്ള പണമിടപാടുകളിൽ പിണറായിയെയും റിയാസിനെയും ബന്ധിപ്പിക്കുന്ന തെളിവുകൾ ഇ.ഡിയുടെ കത്തിനൊപ്പമില്ല. പകരം റിയാസിനെതിരെ സുഹൃത്ത് ഹസൻ നൽകിയ മൊഴിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും എ.ജി സർക്കാരിനെ അറിയിച്ചു. മുസ്ലീംലീഗടക്കം ചില ഘടകകക്ഷികൾക്കും എ.ജിയുടെ അഭിപ്രായമാണ്.
തെളിവുണ്ടെങ്കിൽ
മാത്രം എഫ്.ഐ.ആർ
1.വീണയുടെ പണമിടപാടുകൾ സ്വന്തംനിലയിലല്ലെന്നും മുഖ്യമന്ത്രിയായിരുന്ന പിണറായിക്കും മന്ത്രിയായിരുന്ന ഭർത്താവ് റിയാസിനും വേണ്ടിയാണെന്ന നിഗമനമാണ് ഇ.ഡിയുടെ കത്തിലുള്ളത്. ഇരുവരെയും ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് എ.ജി
2.വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തേ കോടതി തള്ളിയതാണ്. പ്രാഥമികാന്വേഷണത്തിൽ തെളിവുകൾ കിട്ടിയാൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നാണ് എ.ജിയുടെ നിലപാട്
പ്രാഥമികാന്വേഷണം
നടത്തിയേക്കും
ഇ.ഡി റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി കേസും അന്വേഷണവും അസാദ്ധ്യമെന്നാണ് ആഭ്യന്തരവകുപ്പിന്റെയും നിലപാട്. എ.ജിയുടെ വിശദ നിയമോപദേശം കിട്ടിയശേഷം പ്രാഥമികാന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടേക്കും. അല്ലാതെ കേസെടുത്താൽ എഫ്.ഐ.ആർ കോടതി റദ്ദാക്കാനിടയുണ്ട്. രാഷ്ട്രീയമായി അത് തിരിച്ചടിയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |