
കൊച്ചി: അദ്ധ്യാപകൻ, ഗവേഷകൻ, കളരിഗുരുക്കൾ, പ്രഭാഷകൻ...വിശേഷണങ്ങൾ പലത്. ചരിത്രത്തിൽ ബിരുദാനന്തരബിരുദം, എം.ഫിൽ. തേടിയെത്തിയ മികച്ച ഉദ്യോഗങ്ങൾ. പക്ഷേ, മധു വാരണാട്ട് ജീവിതം സമർപ്പിക്കുച്ചത് മുടിയേറ്റിനായിരുന്നു. 20 വർഷത്തിലേറെയായി ഭദ്രകാളിയുടെ കലിയും കലയും കിരീടവും ഏറ്റുവാങ്ങി 'ദാരികനിഗ്രഹം" നടത്തുന്ന മധു(38) കളമെഴുത്ത് പാട്ടുകളിലും സജീവം. യുനെസ്‌കോയുടെ പട്ടികയിലുള്ള കലയോടുള്ള സമർപ്പണം കാരണം വിവാഹംപോലും വേണ്ടെന്നുവച്ചു.
എട്ടുവയസുമുതൽ അച്ഛൻ തൃശൂർ കൊരട്ടി വാരണാട്ട് ശങ്കരനാരായണക്കുറുപ്പ്, മുത്തച്ഛൻ മാധവക്കുറുപ്പ് എന്നിവർക്കൊപ്പം സഹായിയായി. 17-ാം വയസിൽ ഭദ്രകാളിയുടെ മുടിചൂടി.
അസുരനായ ദാരികനെ നിഗ്രഹിക്കാൻ മഹാദേവന്റെ തൃക്കണ്ണിൽനിന്നു ജന്മംകൊണ്ട കാളിയുടെ പടപ്പുറപ്പാടും വിജയവുമാണ് മുടിയേറ്റിലുള്ളത്. ഭദ്രകാളിയുടെ ജന്മവും ജന്മലക്ഷ്യവും അടങ്ങുന്ന കലാരൂപം. എട്ട് രംഗങ്ങളുണ്ട്. പ്ലാവിൻതടിയിൽ കടഞ്ഞെടുത്ത 30 കിലോഗ്രാമിൻ്റെ കിരീടമണിഞ്ഞാണ് ആട്ടം. പരമ്പരാഗതസിദ്ധി ഭാവിതലമുറയ്ക്ക് കൈമാറാൻ മുടിയേറ്റ് കലാകേന്ദ്രം തുടങ്ങാനൊരുങ്ങുകയാണ് മധു.
പുറപ്പാടുമുതൽ സംഹാരംവരെ
ഭദ്രകാളി, ദാരികൻ, ദാനവേന്ദ്രൻ, നാരദൻ, ശിവൻ, വേതാളം, കോയമ്പടനായർ എന്നിവരാണ് കഥാപാത്രങ്ങൾ. ഭദ്രകാളിയുടെ നടയിൽനിന്നുള്ള കാളിയുടെ പുറപ്പാടാണ് തുടക്കം. അവസാനരംഗത്ത് കഥാപാത്രങ്ങൾ ഒരുമിക്കുന്നു. ശിവനാരദസംവാദം, ദാരികൻ പുറപ്പാട്, ഭദ്രകാളി പുറപ്പാട്, ഭദ്രകാളിയുടെ തിരനോട്ടം, ശിവൻ്റെ സൈന്യാധിപൻ കോയമ്പടനായരുടെ രംഗപ്രവേശം, കാളി-ദാരികയുദ്ധം, കാളി-അസുര വാക്കുതർക്കം, അസുരനിഗ്രഹം എന്നിവയാണ് രംഗങ്ങൾ. ചെണ്ട, കൊമ്പ്, കുഴൽ, ഇലത്താളം എന്നിവയുണ്ടാകും. മുടിയേറ്റിന് ഒപ്പമുള്ളതാണ് കളമെഴുത്തും പാട്ടും. മഞ്ഞൾ, അരിപ്പൊടി, വാകയില ഉണക്കിപ്പൊടിച്ചത്(പച്ച), നെല്ലിൻ്റെ പതിര് കരിച്ചത് (കരി), മഞ്ഞളും ചുണ്ണാമ്പും കുഴച്ചത് (രക്തവർണം) എന്നിങ്ങനെ അഞ്ചുനിറത്തിലുള്ള പൊടികളുണ്ട്. ദാരികനിഗ്രഹത്തിനുശേഷം മഹാദേവനെ കാണാനെത്തുന്ന കാളിയുടെ കലിയടക്കാൻ ഗന്ധർവന്മാർ പഞ്ചവർണങ്ങൾകൊണ്ട് കാളീരൂപങ്ങൾ വരയ്ക്കുന്നു. ഇതിലൂടെ യഥാർത്ഥരൂപം ബോദ്ധ്യപ്പെട്ട് കാളി ശാന്തയായെന്നാണ് വിശ്വാസം. കളമെഴുത്ത് മുടിയേറ്റിന്റെ ഭാഗമായത് അങ്ങനെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |