
തൃശൂർ: സെൻസസിന്റെ ഭാഗമായി ഫീൽഡ് സന്ദർശനവും പ്രാഥമിക പരിശോധനയും ആരംഭിച്ചെങ്കിലും എന്യൂമറേറ്റർമാർക്ക് ആശയക്കുഴപ്പം. ഓരോ ജീവനക്കാരനും അനുവദിച്ച ലിസ്റ്റിംഗ് ബ്ലോക്കുകളുടെ അതിരുകളോ വീട്ടുനമ്പറുകളോ കൃത്യമല്ലാത്തതാണ് പ്രതിസന്ധി. ഇത് സെൻസസ് വിവരങ്ങളുടെ കൃത്യതയെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്.
നിലവിൽ അദ്ധ്യാപകർ അടക്കമുള്ള എന്യൂമറേറ്റർമാർ ശരാശരി 250 വീടുകളാണ് കയറിയിറങ്ങേണ്ടത്. ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ രൂപരേഖയാണ് ഇവർക്ക് ആധാരം. ഇതിൽ സന്ദർശിക്കേണ്ട പഞ്ചായത്തും വാർഡും മാത്രമേയുള്ളൂ. കൂടാതെ മിക്ക ജീവനക്കാർക്കും ലഭിച്ചത് പരിചിതമല്ലാത്ത മേഖലകളും. നേരത്തെ വീട്ടുനമ്പറും ഗൃഹനാഥന്റെ പേരും ഉൾപ്പെടെയുള്ള പട്ടികയാണ് നൽകുന്നത്. ഇതില്ലാത്തതിനാൽ വാർഡ് മെമ്പർമാരുടെയും ആശാ വർക്കർമാരുടെയും സഹായം തേടേണ്ട സ്ഥിതിയാണ്.
ആദ്യം ലേ ഔട്ട് മാപ്പ്
ജൂലായിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ സ്ഥലം സന്ദർശിച്ച് വീടുകളുടെ എണ്ണവും ഭൂപ്രകൃതിയും മനസിലാക്കി ലേ ഔട്ട് മാപ്പ് തയ്യാറാക്കാനാണ് ആദ്യ നിർദ്ദേശം. അതിരുകൾ രേഖപ്പെടുത്തി നല്ല വീടുകൾ,മോശം വീടുകൾ,ഫ്‌ളാറ്റുകൾ,താമസയോഗ്യമല്ലാത്തവ,വഴി,പുഴ തുടങ്ങിയവ രേഖപ്പെടുത്തി മാപ്പ് തയാറാക്കണം. തുടർന്ന് വ്യക്തിവിവരങ്ങളടക്കം 34 കാര്യങ്ങൾ ചോദിച്ചറിയണം. 30 വരെയാണ് ഒന്നാംഘട്ട വിവരശേഖരണം നടക്കുക.
സെൽഫ് എന്യൂമറേഷൻ പാളി
സെൻസസ് എളുപ്പമാക്കാൻ ഓൺലൈനിലൂടെ വിവരം നൽകാനുള്ള 'സെൽഫ് എന്യൂമറേഷൻ' സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 25 ശതമാനം പേരും സൗകര്യം പ്രയോജനപ്പെടുത്തിയില്ല. ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാനാവത്തതും വിവരം നൽകിയാൽ ക്ഷേമപെൻഷനും ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന തെറ്റിദ്ധാരണയും നികുതിഭീതിയുമാണ് വിവരങ്ങൾ ലഭ്യമാക്കാത്തതിന് കാരണം. സെൽഫ് എന്യൂമറേഷൻ ചെയ്താലും ഉദ്യോഗസ്ഥർ വീടുകളിലെത്തി വേണമെങ്കിൽ തിരുത്തൽ നിർവഹിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |