SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.32 AM IST

പ്രോജക്ട് സീറോയുമായി സർക്കാർ, അഴിമതിക്കാരെ തുരത്തും

chnnithala

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ സർക്കാർ. ഇതിനായി 'പ്രോജക്ട് സീറോ" പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ സഹകരണത്തോടെ അഴിമതി പൂർണമായി ഇല്ലാതാക്കാനാണ് വിജിലൻസ് ശ്രമം. അഴിമതി നടന്നതിനുശേഷം നടപടി സ്വീകരിക്കുന്നതിനുപകരം അഴിമതി സാദ്ധ്യത മുൻകൂട്ടി മനസിലാക്കി തടയാനും നടപടിയുണ്ടാവും. സർക്കാർ സേവനങ്ങൾക്ക് പണം നൽകുന്നത് ജനം അവസാനിപ്പിക്കണമെന്നും അഴിമതിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ധൈര്യപൂർവം കൈമാറണമെന്നും വിജിലൻസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

വകുപ്പുകളിലും സഹകരണ മേഖലയിലും വിജിലൻസ് സാന്നിദ്ധ്യം ശക്തമാക്കും. ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി വേഗത്തിൽ ലഭ്യമാക്കാൻ വകുപ്പ് മേധാവികളുമായി ചർച്ച നടത്തും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കും. അഴിമതിയെക്കുറിച്ച് ജനം പുറത്തുപറയുന്നില്ല. ഇത് അഴിമതിക്കാർക്ക് പ്രോത്സാഹനമാവുകയാണ്. ഡിജിറ്റൽ അഴിമതിയും ഫലപ്രദമായി നേരിടും.

അഴിമതിയുടെ പ്രതീകാത്മക ചങ്ങല മുറിച്ചാണ് പ്രോജക്ട് സീറോ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തത്. വിജിലൻസ് മേധാവി മനോജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ച 'സ്‌നേഹാദരവ്" ചടങ്ങിൽ വിരമിക്കുന്ന ഉദ്യോഗസ്ഥരെ മന്ത്രി ആദരിച്ചു. പ്രോജക്ട് സീറോ പദ്ധതിയുടെ പ്രകാശനവും നിർവഹിച്ചു. മന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് എ.ഹേമചന്ദ്രൻ, വിജിലൻസ് ഐ.ജി തോംസൺ ജോസ് എന്നിവരും പങ്കെടുത്തു.

ഡിജിറ്റൽ കാലഘട്ടത്തിൽ പുതിയ രീതിയിലുള്ള അഴിമതികളെ ഫലപ്രദമായി നേരിടുന്ന രീതിയിലുള്ളതാണ് പദ്ധതി.

-രമേശ് ചെന്നിത്തല,

ആഭ്യന്തര മന്ത്രി

കൈക്കൂലി വീഡിയോയ്ക്ക്

5,​000 രൂപ പാരിതോഷികം

അഴിമതി ഇടപാടുകൾ വീഡിയോയിൽ പകർത്തി വിജിലൻസിന് കൈമാറുന്നവർക്ക് 5,​000 രൂപ പാരിതോഷികം നൽകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആർക്കു വേണമെങ്കിലും ദൃശ്യം പകർത്തി പോർട്ടലിൽ നൽകാം. തെളിവുകൾ പരിശോധിച്ച് ഉറപ്പിച്ചശേഷം പാരിതോഷികം നൽകും. അറിയിക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് സംരക്ഷണവും സ്വാതന്ത്ര്യവും ഉറപ്പാക്കും. അഴിമതി പുറത്തുകൊണ്ടുവരാൻ പ്രവർത്തിക്കുന്ന വിസിൽബ്ലോവർമാർക്കും സംരക്ഷണമുണ്ടാവും.

അഴിമതി അറിയിക്കാൻ

മൊബൈൽ ആപ്ലിക്കേഷൻ

1.ജനങ്ങൾക്ക് അഴിമതിക്കാരുടെ വിവരങ്ങൾ അറിയിക്കാൻ മൊബൈൽ ആപ്ലിക്കേഷനും വെബ്പോർട്ടലും സജ്ജമാക്കും. 24 മണിക്കൂറും ഡിജിറ്റലായി പരാതിപ്പെടാം.

2.പരാതികൾ വിശകലനം ചെയ്യുന്നതിനും ദുരൂഹ ഇടപാടുകൾ കണ്ടെത്തുന്നതിനും അഴിമതിക്കാരുടെ മുഖം തിരിച്ചറിയാനും അഴിമതി രേഖകൾ കണ്ടെത്താനും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കും.

3.സൈബർ വിജിലൻസ് യൂണിറ്റും ക്യൂ.ആർ അധിഷ്‌ഠിത റിപ്പോർട്ടിംഗും ഇന്റഗ്രേറ്റഡ് കേസ് മാനേജ്മെന്റ് സംവിധാനവും ഒരുക്കും.

4.കമ്മ്യൂണിറ്റി വിജിലൻസ് വോളണ്ടിയർമാരെയും സജ്ജമാക്കും.സമൂഹമാദ്ധ്യമ ക്യാമ്പെയിനുകളും ക്യാമ്പസുകളിൽ അഴിമതി വിരുദ്ധ ക്ലബുകളുമുണ്ടാവും.

5.വകുപ്പുകളിൽ റിസ്ക് ഓഡിറ്റുകൾ നടത്തും. പർച്ചേസ് കൂടുതൽ സുതാര്യമാക്കും.

5 വർഷത്തിനിടെ പിടിയിലായത്
1,564 ഉദ്യോഗസ്ഥർ

അഞ്ചു വർഷത്തിനിടെ അഴിമതിക്കേസിൽ വിജിലൻസിന്റെ പിടിയിലായത് 1,564 ഉദ്യോഗസ്ഥർ. 734 കേസുകളാണ് ഇവർക്കെതിരെയുള്ളത്. ഇവരിൽ നിന്ന് അധികപിഴ, റോയൽറ്റി, നികുതി തുടങ്ങിയ ഇനങ്ങളിൽ 13,72,06,764 രൂപ ഇടാക്കി. കഴിഞ്ഞ വർഷം 57 കേസിൽ 62 ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. റവന്യുവകുപ്പിലാണ് ഏറ്റവും കൂടുതൽ- 20 പേർ. നിലവിൽ അഴിമതിക്കാരായ എഴുന്നൂറോളം ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PROJECT ZERO, CHENNITHALA, CORREPTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA