
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ നടപടി. കേസിലെ പ്രതികളായ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവരെ സസ്പെൻഡ് ചെയ്തു. ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അഞ്ച് പൊലീസുകാരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് നടപടി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പൊലീസുകാർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികൾ ഗുരുതര ചട്ടലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ഇപ്പോഴത്തെ എം.എൽ.എയായ എ.ഡി.തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദ്ദിച്ചത്. സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അത് 'രക്ഷാപ്രവർത്തന'മാണെന്നും പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചാണ് കേസെടുപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം എ.ഡി.ജി.പി ഇടപെട്ട് അട്ടിമറിച്ചെന്ന മൊഴി പുറത്തുവന്നിരുന്നു. ഗൺമാൻമാർക്കെതിരെ നടപടി ശുപാർശ ചെയ്ത എസ്.പി ചൈത്ര തെരേസാ ജോണിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്‌ത്തിയെന്ന വിവരവും പുറത്തുവന്നു. ചൈത്ര തെരേസയെ കൊല്ലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |