SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.05 AM IST

'അത് അദ്ദേഹമല്ല തീരുമാനിക്കേണ്ടത്, രാഷ്ട്രീയം നോക്കിയുള്ള നടപടിയാണിത്': കേന്ദ്ര മന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ട്രെയിനിന് കേരളം അനുമതി നൽകിയില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ തീവ്ര കൊവിഡ് ബാധിത മേഖലകളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവരെ കരുതലോടെയാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും ആരെയും പുറന്തള്ളില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതിനുവേണ്ടിയാണ് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നതെന്നും രജിസ്ട്രേഷൻ ചെയ്യുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ മാർഗം സ്വീകരിക്കുകയല്ലാതെ മറ്റ് പോംവഴികൾ മുൻപിലില്ലെന്നും അങ്ങനെയല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോയേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ രോഗം ഇപ്പോൾ തന്നെ വ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ട്രെയിനുകൾ കേരളത്തിലേക്ക് വരുന്നു. അകാര്യത്തിൽ പ്രശ്നമില്ല. എവിടെ നിന്ന് വന്നാലും രജിസ്റ്റർ ചെയ്താണ് വരേണ്ടത്. ഇവിടെ എത്തുന്നവരെ റെയിൽവെ സ്റ്റേഷനിൽ പരിശോധിച്ച് ക്വാറന്റീനിൽ അയക്കുകയാണ്. അത് വീട്ടിലുമാകാം. വീട്ടിൽ സൗകര്യമുണ്ടോയെന്ന് മനസിലാക്കണം. അതിന് ട്രെയിനിൽ വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ലഭിക്കണം. എന്നാലേ തീർച്ചപ്പെടുത്താനാവൂ. മുഖ്യമന്ത്രി വിശദീകരിക്കുന്നു.

'മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനയക്കാൻ റെയില്‍വേ കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേരളത്തിന് വിവരം ലഭിച്ചിരുന്നില്ല. ഇക്കാര്യം റെയില്‍വേ മന്ത്രിയെ അറിയിച്ചു. വരുന്നവരുടെ ശരിയായ നിരീക്ഷണത്തിനും രോഗം തടയുന്നതിനും സർക്കാർ നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാലതിന് ശേഷവും സമാനമായ തീരുമാനമുണ്ടായി. അതിനാൽ ഇക്കാര്യം പ്രധാനമന്ത്രിയെ കൂടി അറിയിച്ചു. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണിത്. മുംബൈയിൽ നിന്നുള്ളവരും വരണമെന്നാണ് സർക്കാരിന്റെ നിലപാട്.' മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ജനങ്ങളെ കുറിച്ചുള്ള ചിന്തയാണ് ട്രെയിൻ സംസ്ഥാനത്തേക്ക് വരാൻ പാടില്ല എന്ന് പറയാൻ കാരണമായതെന്നും ലക്ഷകണത്തിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളതെന്നും ഇവര്‍ ഒന്നിച്ചു വന്നാല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. കേരളത്തിലേക്ക് എത്തുന്നവർ രജിസ്റ്റർ ചെയ്യണമെന്ന് മാത്രമാണ് സംസ്ഥാനം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്റെ കത്ത് അയച്ച ശേഷവും ട്രെയിൻ അയക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

'കേരളത്തിലേക്ക് വരുന്നവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രമാണ് പിയൂഷ് ഗോയലിനോട് പറഞ്ഞത്. രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇവിടുത്തെ കാര്യങ്ങള്‍ ചെയ്യാനാകൂ. റെയില്‍വേ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ട്. ഇത് രാഷ്ട്രീയം നോക്കിയുള്ള നടപടിയാണ്. ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് അത് തടഞ്ഞത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ ഈ ചെറിയ കാര്യം അറിയിക്കേണ്ടി വന്നത്. പിയൂഷ് ഗോയല്‍ പറഞ്ഞത് നിര്‍ഭാഗ്യകരമായി പോയി. അത് ആ പദവിക്ക് ചേര്‍ന്നതല്ല. നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവത്തിന്‍റെ നേരിയ അംശം പോലും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നുള്ളത് നിര്‍ഭാഗ്യകരമാണ്.' മുഖ്യമന്ത്രി പറയുന്നു.

സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലോയോ എന്നുള്ളത് പിയൂഷ് ഗോയല്‍ അല്ല സംസ്ഥാനത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും സ്വന്തം നാട്ടിലെ ജനങ്ങളെ പറ്റി ചിന്തയില്ലാതെ മുഖ്യമന്ത്രിമാർ പ്രവർത്തിച്ചാൽ എന്താകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. മഹാരാഷ്ട്രയിലെ താനെയിൽ നിന്നുമുള്ളവരെ സംസ്ഥാനത്തേക്ക് ട്രെയിൻ വഴി എത്തിക്കുന്നതിനെ സംസ്ഥാനം തടഞ്ഞിരുന്നു. 'സ്വന്തം നാട്ടുകാരെ കുറിച്ച് സംസ്ഥാനത്തിന് ചിന്തയില്ലേ' എന്ന് ചോദിച്ചുകൊണ്ടാണ് പീയുഷ് ഗോയൽ ഈ നടപടിയോട് പ്രതികരിച്ചത്. ഒരു ദേശീയ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് പീയുഷ് ഗോയൽ ഈ വിമർശനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, CM, CENTRE, PIYUSH GOYAL, RAILWAY MINISTRY, MAHARASHTRA, KERALA, COVID 19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA