
തിരുവനന്തപുരം: മഴ മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുമെന്നും അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും കഴിഞ്ഞ പ്രളയത്തിനുശേഷം പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഇന്നലെയും കാര്യങ്ങൾ പിഴച്ചു.
പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടെന്നാണ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നത്. പക്ഷെ ശനിയാഴ്ച പെയ്ത കനത്തമഴയിൽ പത്തനംതിട്ടയിലെ റാന്നിയടക്കം വെള്ളത്തിനടിയിലായി. ഓറഞ്ച് അലർട്ടെന്നാൽ 115എം.എം.മഴ പെയ്യുമെന്നാണ് കണക്ക്.എന്നാൽ, പെയ്തത് ചെറിയ സമയത്തിനുള്ളളിൽ തീവ്രമഴ. അതാകട്ടെ, നഗരപ്രദേശങ്ങളെപ്പോലും വെള്ളത്തിൽ മുക്കി. പ്രളയസാദ്ധ്യത വിലയിരുത്തുന്നതിൽ ജാഗ്രതക്കുറവുണ്ടെന്നാണ് വിമർശനം. വെള്ളിയാഴ്ച രാത്രി 9 മണിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്ന മുന്നറിയിപ്പിൽ ഒരിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. രാത്രി പത്ത് മണിക്ക് നൽകിയ തത്‌സ്ഥിതി മുന്നറിയിപ്പിലും ഓറഞ്ച് അലർട്ട് മാത്രമായിരുന്നു. എന്നാൽ, കാലാവസ്ഥാ കേന്ദ്രം പറയുന്നത് രാത്രി 11.15ന് റെഡ് അലർട്ടിന് സമാനമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയെന്നാണ്. എന്നിട്ടും പത്തനംതിട്ടയും ഇടുക്കിയും അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത് ഇന്നലെ രാവിലെ ഏഴ് മണിക്കാണ്. അപ്പോഴേക്കും പെരുമഴ കെടുതി വിതച്ചിരുന്നു. ഓറഞ്ച് അലർട്ട് എന്നാൽ ആക്ഷൻ എന്നാണ് ദുരന്തര നിവാരണ അതോറിറ്റി ചട്ടത്തിൽ പറയുന്നത്.
ഇടുക്കിയിൽ 213 എം.എം മഴ
കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇന്നലെ ആറ് ജില്ലകളിൽ 100 എം.എമ്മിൽ കൂടുതൽ മഴ പെയ്തു. വെള്ളക്കെട്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാര്യമായി സംഭവിച്ചത് പത്തനംതിട്ടയിലാണ്. ആറ് നദികൾ നിറഞ്ഞിരിക്കുകയാണ്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ, കല്ലട, മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് നിറഞ്ഞത്. തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ അറിയിപ്പും വേണ്ടിവന്നാൽ മാറിതാമസിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പത്തനംതിട്ട................................ 162
ഇടുക്കി.......................................... 213
കോട്ടയം....................................... 133
വയനാട്......................................... 107
മലപ്പുറം......................................... 158
പാലക്കാട്...................................... 110
#മഴയ്ക്കു കാരണം ന്യൂനമർദ്ദപാത്തി
തെക്കൻ ഗുജറാത്ത് തീരത്ത് നിന്ന് തുടങ്ങി കാറ്റിൽ ആടിക്കളിക്കുന്ന ശക്തമായ ന്യൂനമർദ്ദപ്പാത്തിയാണ് കേരളത്തിൽ ദുരിതമഴയുണ്ടാക്കിയതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിശദീകരണം. ന്യൂനമർദ്ദ പാത്തിയുണ്ടായാൽ സാധാരണ 70 എം.എം മുതൽ 110 എം.എം വരെ മഴയുണ്ടായേക്കാം. അതുപ്രകാരമാണ് ഓറഞ്ച് അലർട്ട് നൽകിയത്. എന്നാൽ കാറ്റിന്റെ സാന്നിദ്ധ്യം മഴ തീവ്രമാക്കി. മഴയുടെ തോത് അപ്രതീക്ഷിതമായി 120ന് മുകളിലേക്ക് പോയി. ഇതേ പ്രതിഭാസം മൂലം ആഗസ്റ്റ് ആറുവരെ തീവ്രമായ തോതിൽ ഒറ്റപ്പെട്ട മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ മലയോരമേഖലയിൽ കാറ്റടിക്കാനും ഇടയുണ്ടെന്ന മുന്നറിയിപ്പുണ്ട്.
യെല്ലോ അലർട്ട് മാത്രം
സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് വരെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് നൽകിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |