
കൊച്ചി: ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്ക് വിധിച്ച പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
പൂജപ്പുര സെൻട്രൽ ജയിലിലുള്ള എസ്.ഡി.പി.ഐ പ്രവർത്തകൻ നവാസിനാണ് കർശന ഉപാധികളോടെ 30 ദിവസത്തെ ജാമ്യം കിട്ടിയത്. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടി.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജാമ്യത്തിന് ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും വേണം. ആഗസ്റ്റ് അഞ്ചിന് നവാസ് തിരിച്ച് ജയിലിലെത്തണം. നവാസ് കിടപ്പിലാണെന്നും ദൈനംദിന കാര്യങ്ങൾക്ക് മറ്റ് തടവുകാരാണ് സഹായിക്കുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ വാദിച്ചു.
പ്രതിക്ക് മാനുഷിക പരിഗണന നൽകണമെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവർക്കും അന്തസോടെയുള്ള ജീവിതത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധികളും ഹൈക്കോടതി ഉദ്ധരിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടിൽ കൊലപ്പെടുത്തിയെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |