
ന്യൂഡൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലെ അഭിഭാഷകരുടെ ഇടപെടലുകളിൽ കടുത്ത നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ ഒഫ് ഇന്ത്യ. സ്വയം പ്രഗത്ഭനാണെന്ന് പറയുന്ന പ്രൊമോഷണൽ റീലുകളും അതുവഴി കേസുപിടിത്തവും വേണ്ട. കോടതിവളപ്പിൽ റീലുണ്ടാക്കരുത്. കോടതി കെട്ടിടങ്ങൾ, വക്കീൽ വേഷം തുടങ്ങിയവ ഉൾക്കൊള്ളിച്ച വീഡിയോകൾ ഷെയർ ചെയ്യരുത്. അനുമതിയില്ലാതെ കോടതി നടപടികൾ റെക്കാഡ് ചെയ്യുന്നതും തത്സമയ സ്ട്രീമിംഗിന്റെ ദൃശ്യങ്ങൾ ക്ലിപ്പുകളാക്കി പ്രചരിപ്പിക്കുന്നതും വിലക്കി.
ഡീപ്ഫേക്ക് വീഡിയോകൾ, വോയിസ് ക്ലോണിംഗ്, വ്യാജ വിധികൾ പരാമർശിക്കൽ, എ.ഐ ജനറേറ്റഡ് നിയമോപദേശം എന്നിവയും പാടില്ല. വാദം കേൾക്കലിന്റെ ഷോർട്ട് വീഡിയോകൾ, നാടകീയത തോന്നുന്ന മട്ടിൽ എഡിറ്റ് ചെയ്‌ത ക്ലിപ്പുകൾ,വ്യക്തിപരമായ അഭിപ്രായം എന്നിവ പ്രചരിപ്പിക്കുന്ന ആശങ്കാജനകമായ പ്രവണത അഭിഭാഷകർക്കിടയിൽ അടക്കം വർദ്ധിച്ചുവരുന്നുവെന്ന് ബാർ കൗൺസിൽ വിലയിരുത്തി. ഇവയെല്ലാം നിയമ മേഖലയുടെ വിശ്വാസ്യതയ്‌ക്ക് ഗുരുതരമായ ഭീഷണിയുയർത്തുന്നതാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകി. നിയമവിദ്യാർത്ഥികൾ, ഇന്റേണുകൾ, നിയമവിദഗ്ദ്ധർ എന്നിവർക്കും നിർദ്ദേശങ്ങൾ ബാധകമാണ്.
പൊതുസേവനമാണ്,
വാണിജ്യ പ്രവർത്തനമല്ല
നിയമ പ്രൊഫഷൺ പൊതുസേവനമാണെന്നും വാണിജ്യ പ്രവർത്തനമല്ലെന്നും ബാർ കൗൺസിൽ ഒഫ് ഇന്ത്യ ഓർമ്മിപ്പിച്ചു. സാമൂഹിക മാദ്ധ്യമങ്ങൾ നിയമ ബോധവത്‌കരണത്തിനും അക്കാഡമിക് ചർച്ചകൾക്കും ഉപയോഗിക്കാം. എന്നാൽ കോടതികളുടെ അന്തസ് കെടുത്താനും കക്ഷികളുടെ വിവരങ്ങൾ പുറത്തുവിടാനും നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ദുർബലപ്പെടുത്താനും ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |