SignIn
Kerala Kaumudi Online
Thursday, 06 August 2026 1.00 AM IST

ശബരിമല  നെയ്യ് ക്രമക്കേട്: എസ്.ഐ.ടി തലവൻ എം.ജെ. സോജൻ

sabarimala

കൊച്ചി: ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമ്മാണത്തിന് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി)​ ഹൈക്കോടതി നിർദ്ദേശപ്രകാരം നിയോഗിച്ചു. വിജിലൻസ് ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാം നൽകിയ മൂന്നുപേരുടെ പട്ടികയിൽനിന്നാണ് എം.ജെ. സോജനെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. വിജിലൻസ് ഡിവൈ.എസ്.പി സി.എസ്. ഹരി, ഇൻസ്‌പെക്ടർമാരായ എ.എസ്. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, ആർ.എസ് രതീന്ദ്ര കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.
ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതും എം.ജെ. സോജന്റെ നേതൃത്വത്തിലായതിനാൽ അദ്ദേഹം തന്നെയാണ് ഉചിതമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി. കേസ് 17ന് പരിഗണിക്കും.
നെയ്യിൽ വലിയൊരു ഭാഗം വഴിമദ്ധ്യേ മറിച്ചുവിറ്റെന്നും പകരം മായം കലർന്നത് എത്തിച്ചെന്നുമാണ് ആരോപണം. 20,000 യൂണിറ്റ് അരവണയ്‌ക്കായി 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ.

മിൽമയിൽ നിന്ന് കൂടിയ വിലയ്‌ക്ക് നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.28 കോടി നഷ്ടമുണ്ടായെന്ന് ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ശബരിമല സ്വർണക്കൊള്ളയിലും പ്രതിസ്ഥാനത്തുള്ള പരേതനായ മുൻ എക്‌സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ രണ്ടു കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ തുടങ്ങിയത്. ലിറ്ററിന് 369 രൂപ ക്വാട്ട് ചെയ്ത്, ഗുണനിലവാര പരിശോധനയിൽ മികവു പുലർത്തിയ തമിഴ്‌നാട്ടിലെ കുങ്കുമരാജ് ഡയറിയെ ഉൾപ്പെടെ തഴഞ്ഞാണ് 510 രൂപ നിരക്കിൽ മിൽമയെ ഏൽപ്പിച്ചത്. മിൽമ പത്തനംതിട്ട ഡയറി പുനെയിലെ കമ്പനിയിൽ നിന്ന് പതിവില്ലാതെ 24,970 കിലോ നെയ്യ് 497 രൂപ നിരക്കിൽ വാങ്ങിയതും തിരിമറി സംശയിക്കാൻ കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA