
കോഴിക്കോട്: വയനാട് സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വിദേശത്തായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ലീബയാണ് (44) അറസ്റ്റിലായത്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് മെഡിക്കൽ കോളേജ് പൊലീസ് പിടി കൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഹണി ട്രാപ്പിനായി കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തേക്ക് ഹേമചന്ദ്രനെ വിളിച്ചു വരുത്തിയത് ലീബയാണെന്ന് സി.ഐ വിപിൻ പറഞ്ഞു. സംഭവത്തിന് ശേഷം ലീബ വിദേശത്തേക്ക് കടന്നു. അന്വേഷണ സംഘം ലീബയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.അറസ്റ്റിനു ശേഷം ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ പ്രതി പൊലീസിനോട് തട്ടിക്കയറി. മാദ്ധ്യമങ്ങളെ വിവരം അറിയിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. പൊലീസ് ഏറെ പണിപ്പെട്ടിട്ടും സ്റ്റേഷനകത്ത് കയറാൻ കൂട്ടാക്കിയില്ല. തുടർന്ന് ലീബയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയി.
2024 മാർച്ച് 20നാണ് വയനാട് പൂമല സ്വദേശിയായ ഹേമചന്ദ്രനെ (54) കാണാതാവുന്നത്. കോഴിക്കോട് മായനാട്ടെ വാടക വീട്ടിലായിരുന്നു താമസം. കാണാതായി പത്ത് ദിവസത്തിന് ശേഷം ഭാര്യ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. 2025 ജൂൺ 28നാണ് തമിഴ്‌നാട്ടിലെ ചേരമ്പാടിയിലെ വനമേഖലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മുഖ്യപ്രതി നൗഷാദ് ഉൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ. നൗഷാദിനേയും വിദേശത്തു നിന്ന് നാട്ടിലെത്തിച്ചാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |