SignIn
Kerala Kaumudi Online
Sunday, 27 September 2026 3.02 PM IST

മോചനദ്രവ്യം ആവശ്യപ്പെട്ട് കമ്പനി ഉടമയെ കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ പിടിയിൽ

1

കോലഞ്ചേരി: മോചനദ്രവ്യം ആവശ്യപ്പെട്ട് ആയുർവേദ മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ കുന്നത്തുനാട് പൊലീസ് പിടികൂടി. നെല്ലാട് ഹരിദേവ് ഫോർമുലേഷൻസ് സ്ഥാപന ഉടമ എം.എസ്. രഘുവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഒ​റ്റപ്പാലം പാലപ്പുറം എട്ടുങ്ങൽപ്പടി ബിനീഷ് (43), തിരുപ്പൂർ സന്തപ്പെട്ട ശിവ (അറുമുഖൻ - 40), കഞ്ചിക്കോട് ചെമ്മണംകാട് കാർത്തികയിൽ (പുത്തൻവീട്) ശ്രീനാഥ് (33) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: കമ്പനി പുതുതായി വിപണിയിൽ എത്തിച്ച ആയുർവേദ മരുന്ന് തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് രഘുവിനെ സമീപിച്ചു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തി. വിതരണക്കമ്പനിയുടെ പ്രധാന പാർട്ണർ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നും അയാൾ തിരുപ്പൂരിലുണ്ടെന്നും പറഞ്ഞ് അവിടെ ഉൾപ്രദേശത്തെ വിജനമായ സ്ഥലത്തെ ഫാമിലെത്തിച്ച് മൊബൈൽഫോൺ പിടിച്ചുവാങ്ങിയശേഷം ഉപദ്രവിക്കുകയായിരുന്നു. വൈകിട്ടുവരെ തുടർന്ന ഭീഷണിക്കും മർദ്ദനത്തിനുംശേഷം രാത്രി മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ പിതാവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് ഒറ്റരാത്രികൊണ്ട് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. പണം നിറച്ച ബാഗുമായി മകനെ പ്രതികളുടെ അടുത്തേക്ക് പറഞ്ഞയച്ചശേഷം അവരുടെ ലൊക്കേഷൻ മനസിലാക്കി തിരുപ്പൂർ പൊലീസിന്റെ സഹായത്തോടെ സംഘടിപ്പിച്ച ബൈക്കിൽ പിന്തുടർന്ന് തിരുപ്പൂർ മാർക്കറ്റിനുള്ളിൽ നടത്തിയ ഏറ്റുമുട്ടലിലാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. പൊലീസ് മകന്റെ പിന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതികൾ രഘുവും ഡ്രൈവറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിലോമീ​റ്ററുകൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബിനീഷിനെതിരെ ഒറ്റപ്പാലത്ത് മോഷണത്തിനും ആലത്തൂർ, കൊല്ലം, തിരുപ്പൂർ എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലിനും കേസുകളുണ്ട്. ശിവയ്ക്ക് ആലത്തൂർ, കൊല്ലം എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലിന് കേസുണ്ട്.

എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.പി. സുധീഷ് , എ.എസ്.ഐമാരായ എ.കെ രാജു, ബോബി കുര്യാക്കോസ്, സീനിയർ സി.പി.ഒ പി.എ. അബ്ദുൾ മനാഫ്, സി.പി.ഒമാരായ കെ.എ സുബീർ, ടി.എ.അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA