SignIn
Kerala Kaumudi Online
Monday, 31 August 2026 12.45 AM IST

 തുർക്കിയുടെ 850 സോംഗാർ ഡ്രോൺ പാകിസ്ഥാന് ഡ്രോൺപടയുടെ ഉന്നം ഇന്ത്യൻ അതിർത്തി

1

ന്യൂഡൽഹി: രണ്ടാഴ്ച മുമ്പ് തുർക്കിയിൽ നിന്ന് സൈനിക വിമാനങ്ങളിൽ പാകിസ്ഥാനിൽ എത്തിച്ചത് യുദ്ധമുഖത്ത് ഉപയോഗിക്കുന്ന അത്യാധുനിക ഡ്രോണുകളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഏകദേശം 850 സോംഗാർ ഡ്രോണുകൾ കൈമാറിയെന്നാണ് സൂചന. ആഗസ്റ്റ് 19 മുതൽ 21 വരെ തുർക്കിയുടെ സി-130, എ.400.എം സൈനിക വിമാനങ്ങൾ ഇസ്താംബൂളിൽ നിന്ന് പാകിസ്ഥാനിലെ നൂർ ഖാൻ, മസ്രൂർ, മുറീദ് വ്യോമതാവളങ്ങളിൽ തുടരെ തുടരെ എത്തിയതായി ഇന്ത്യയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ വിശദമായ അന്വേഷണം നടത്തിയത്. ഈ ദിവസങ്ങളിൽ ചൈനീസ് വിമാനങ്ങളുടെ സാന്നിദ്ധ്യവും മുറീദ് വ്യോമത്താവളത്തിലുണ്ടായിരുന്നു.

ഇന്ത്യൻ അതിർത്തിയോട് ചേർന്ന പാക് താവളങ്ങളിലേക്ക് ഡ്രോണുകൾ എത്തിച്ചതായി സൂചന. മറ്റു സൈനിക ഉപകരണങ്ങളും കൈമാറിയിരിക്കാമെന്നാണ് വിലയിരുത്തൽ. കൈമാറ്റം തുർക്കിയോ പാകിസ്ഥാനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ മുറീദ് സൈനിക താവളം ലക്ഷ്യം വയ്ക്കുകയും കനത്ത നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.

 കൈമാറിയത് മൂന്നിനം സോംഗാർ

അതിർത്തി നിരീക്ഷണത്തിനും പ്രത്യാക്രമണത്തിനും രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാം.

1. സോംഗാർ എം.ജി: 5.56 x 45 എം.എം നാറ്റോ ഓട്ടോമെറ്റിക് മെഷീൻ ഗൺ ഘടിപ്പിച്ചത്. 400 എണ്ണം.

2. സോംഗാർ എം.ജി-ജി.എൽ: മെഷീൻ ഗണ്ണിനു പുറമേ, 400 എം.എം ഗ്രനേഡ് ലോഞ്ചറും ഘടിപ്പിച്ചത്. 450 മീറ്റർ വരെ ലക്ഷ്യം വയ്ക്കാം. 400 എണ്ണം

3.സോംഗാർ ടാേഗൽ: ഭാരം കൂടിയ പേലോഡ് വഹിക്കും. 80 എം.എം മോർട്ടാർ ഘടിപ്പിച്ചത്. 35 മീറ്റർ പരിധിയിൽ വൻ സ്ഫോടനം നടത്താം. 50 എണ്ണം.

ഇസ്ലാമിക് നാറ്റോ സഖ്യം, പിന്നാലെ കൈമാറ്റം

#ആഗസ്റ്റ് 7ന് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ മക്കയിൽ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിന് പിന്നാലെയാണ് പുതിയ നീക്കം. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം മൂന്നുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഉടമ്പടി.

# 2025ലെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ഇന്ത്യയിലെ 36 കേന്ദ്രങ്ങളിലേക്ക് നാനൂറോളം ഡ്രോൺ ഉപയോഗിച്ച് കടന്നുകയറാൻ ശ്രമിച്ചിരുന്നു. തുർക്കി സോംഗാർ ഡ്രോണും അവയിൽ ഉണ്ടായിരുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം അതിനെ പൂർണമായും തകർത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA