
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ മൂന്ന് സി.പി.എം നേതാക്കൾ ഉൾപ്പെടെ അഞ്ചു പേരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) ഇന്നലെ ചോദ്യംചെയ്തു. അറസ്റ്റിലായ രണ്ടു പ്രതികൾക്കൊപ്പമിരുത്തിയും ചോദ്യം ചെയ്തു. മുൻ മന്ത്രി എ.സി. മൊയ്‌തീനെ കേസിൽ പ്രതി ചേർക്കാൻ തെളിവുകൾ തേടിയാണ് ചോദ്യംചെയ്യലെന്നാണ് സൂചന.
സി.പി.എം ഏരിയാ കമ്മിറ്റി അംഗവും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ അനൂപ്
ഡേവിസ് കാട, പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ, പ്രാദേശിക നേതാവ് മധു, റിയൽ എസ്റ്റേറ്റ് ഇടപാടുകാരായ രാജേഷ്, ജിഷോർ എന്നിവരെയാണ് പ്രത്യേകമായും, തട്ടിപ്പിൽ അറസ്റ്റിലായ പി. സതീഷ്‌കുമാർ, പി.പി. കിരൺ എന്നിവർക്കൊപ്പമിരുത്തിയും ചോദ്യംചെയ്തത്.. കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് 4ന് അവസാനിക്കുന്നതിനാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ഇ.ഡിയുടെ ശ്രമം.
കോടികളുടെ വായ്പാത്തട്ടിപ്പിൽ എ.സി. മൊയ്തീന്റെ ബന്ധം സംബന്ധിച്ച വിവരങ്ങൾ ചോദ്യം ചെയ്യലിൽ ഉന്നയിച്ചു. മൊയ്തീനുമായി അടുപ്പമുള്ളവരാണ് അനൂപ് ഡേവിസ് കാടയും പി.ആർ. അരവിന്ദാക്ഷനും. തൃശൂരിലെ മുതിർന്ന നേതാവായ അനൂപിന് മൊയ്തീനുമായി വ്യക്തിപരമായ അടുപ്പവുമുണ്ട്. മൊയ്തീന്റെ നിർദ്ദേശ പ്രകാരം വായ്പകൾ അനുവദിച്ചതായി ഇ.ഡി പറയുന്നു. മൊയ്തീനെതിരെ ചില സാക്ഷികൾ നൽകിയ മൊഴികളിലെ വിവരങ്ങൾ സംബന്ധിച്ചും സി.പി.എം നേതാക്കളോട് ചോദിച്ചതായാണ് വിവരം.വായ്പാ തട്ടിപ്പിൽ എ.സി. മൊയ്തീൻ 11ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കേസിൽ മൊയ്തീനെ പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് ഇ.ഡി . മൊഴികൾ സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചാൽ മൊയ്തീനെ അറസ്റ്റു ചെയ്യാനും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |