SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.29 AM IST

കാറ്ററിംഗുകാരന്റെ കൊലച്ചതിയിൽ വലഞ്ഞ് രണ്ട് കുടുംബം, കല്യാണമേളം കഴിഞ്ഞപ്പോൾ സദ്യവട്ടമില്ല

aa

കോട്ടയം: വിവാഹം കെങ്കേമമായി നടന്നു. ശേഷം ഇലയിട്ട് സദ്യ കഴിക്കാനിരുന്നു. നോക്കുമ്പോൾ സദ്യയുമില്ല, ഏൽപ്പിച്ചയാളുമില്ല. ശേഷം ഹോട്ടലുകളിൽ ഓടി നടന്ന് സദ്യയും ബിരിയാണിയും ഒപ്പിച്ച് ചടങ്ങ് തീർത്തു. ആളുകളുടെ കുശുകുശുപ്പ്, മാനഹാനി, ധനനഷ്ടം. കാറ്ററിംഗ് ഉടമയുടെ കൊലച്ചതിയിൽ ഹതാശരായ, വീട്ടുകാർ ശേഷം പരാതിയുമായി പൊലീസിന് മുന്നിലെത്തി. ഞായറാഴ്ച മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെ 'ഉദയം കേറ്റേഴ്സ് ആൻഡ് ഇവന്റ്സ് " ഉടമ വിഷ്ണുവിനെതിരെയാണ് പരാതി.

മുണ്ടക്കയത്ത് 400 പേർക്ക്

ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് മുണ്ടക്കയം ചോറ്റി മഹാദേവക്ഷേത്രത്തിൽ നടന്ന പനയ്ക്കച്ചിറ സ്വദേശിനിയുടെ വിവാഹത്തിന് 1.40 ലക്ഷമാണ് വിഷ്ണുവിന് മുൻകൂറായി നൽകിയത്. നാനൂറ് പേരുടെ സദ്യയും പന്തലുമായിരുന്നു കരാർ. തലേന്നത്തെ ചടങ്ങിന് രാത്രി ഒമ്പതിനാണ് ഭക്ഷണമെത്തിച്ചത്. രാവിലെ 9.45നായിരുന്നു മുഹൂർത്തം. രാവിലെയെത്തുമ്പോൾ പന്തലില്ല. തലേന്ന് നടന്ന കല്യാണപ്പന്തലിൽ കല്യാണം നടത്തി. ഭക്ഷണകാര്യം, ഫോണിൽ വിളിച്ചപ്പോൾ ഉടനെയെത്തുമെന്നറിയിച്ചു. പിന്നീട് 'ക്ഷമിക്കണം, മറ്റെവിടെയെങ്കിലും അറേഞ്ച് ചെയ്യണമെ"ന്നായി. വിവിധ ഹോട്ടലുകളിൽ നിന്ന് സദ്യയൊപ്പിച്ചു.

 കോട്ടയത്ത് 250 പേർക്ക്

കോട്ടയം പൂവൻതുരുത്ത് സ്വദേശിനിയുടെ വിവാഹത്തിന് 250 പേരുടെ ഭക്ഷണം, സ്റ്റേജ് എന്നിവയ്ക്കായി ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി. രാവിലെ വെൽക്കം ഡ്രിങ്ക് പോലും എത്തിയില്ല. തുടർന്ന് ബന്ധപ്പെട്ടപ്പോൾ വാഹനം ഈരാറ്റുപേട്ടയിൽ അപകടത്തിൽ പെട്ടെന്നായി. പിന്നീട് മൊബൈൽ ഫോണും സ്വിച്ച് ഓഫ്. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് കുടിവെള്ളമെത്തിച്ച്, ഹോട്ടലിൽ നിന്ന് ബിരിയാണിയും സദ്യയും എത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA