SignIn
Kerala Kaumudi Online
Friday, 14 August 2026 11.12 AM IST

മദ്യത്തോട് കിടപിടിക്കുന്ന വീര്യമുള്ള വ്യാജ അരിഷ്‌ടം, വ്യാപക വിൽപന ഡ്രൈഡേയിലും മദ്യശാല തുറക്കും മുൻപും

arishtam
പ്രതീകാത്മക ചിത്രം

പുൽപ്പള്ളി: ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് ആയുർവേദ മരുന്നിന്റെ മറവിൽ വ്യാജ അരിഷ്ട വിപണനം സജീവമാകുന്നു. പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകൾ പതിച്ചാണ് മദ്യത്തോടൊപ്പം കിടപിടിക്കുന്ന വീര്യമുള്ള പൂസാരിഷ്ടങ്ങൾ വിപണിയിലെത്തിക്കുന്നത്. ഇത്തരം ലഹരിവസ്തുക്കളുടെ അമിത ഉപയോഗം മൂലം ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ആരോഗ്യവും സാമൂഹിക അന്തരീക്ഷവും ഗുരുതരമായ ഭീഷണി നേരിടുകയാണ്.

മദ്യശാലകൾ തുറക്കുന്നതിന് മുമ്പുള്ള സമയങ്ങളിലും ഡ്രൈ ഡേകളിലുമാണ് ഇത്തരം അരിഷ്ട വിപണന കേന്ദ്രങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നത്. ദിവസവും ഒന്നോ ഒന്നിലധികമോ കുപ്പികൾ വീതം അരിഷ്ടം കഴിക്കുന്നത് വ്യക്തികളുടെ ശാരീരികാവസ്ഥയെ ദാരുണമായി ബാധിക്കുന്നുണ്ട്. അമിത ലഹരിയുള്ള അരിഷ്ട ഉപയോഗം സ്ഥിരമാകുന്നതോടെ ഉപയോഗിക്കുന്നവർ രോഗികളായി മാറുന്നു.പ്രായമെത്തുന്നതിന് മുമ്പ് തന്നെ ശരീരം ശേഷിക്കുക , അരിഷ്ടം കഴിക്കാത്തപ്പോൾ ശരീരം വിറക്കുക , നടക്കാൻ കഴിയാതാവുക തുടങ്ങിയ രോഗങ്ങൾക്ക് അടിമപ്പെട്ട് നിരവധിയാളുകൾ ഉന്നതികളിൽ മരണപ്പെടാൻ ഈ വ്യാജ അരിഷ്ട ഉപയോഗം കാരണമാകുന്നുണ്ട്. വ്യാജ അരിഷ്ട വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ എക്‌സൈസ്, പൊലീസ്, ആരോഗ്യആയുഷ് വകുപ്പുകൾ സംയുക്തമായി അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു.


വിലക്കുറവും എളുപ്പത്തിലുള്ള ലഭ്യതയും

ബെവ്‌കോ ഔട്ട്‌ലെറ്റുകളെ അപേക്ഷിച്ച് വിലക്കുറവാണെന്നതും ഏതു സമയത്തും ലഭ്യമാണെന്നതുമാണ് പാവപ്പെട്ട ആദിവാസി തൊഴിലാളികളെ ഇതിലേക്ക് ആകർഷിക്കുന്നത്. കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്ന തൊഴിലാളികൾ പുലർച്ചെയും ജോലി കഴിഞ്ഞും ഇത്തരം ഷോപ്പുകൾ തേടിയെത്തുന്നത് പതിവു കാഴ്ചയാണ്. ഓരോ ടൗണുകളിലും ആയൂർവേദ മരുന്ന് വിൽപ്പന കേന്ദ്രങ്ങൾ നിരവധി ഉണ്ടെങ്കിലും ഒന്നോ , രണ്ടോ ഷോപ്പുകൾ മാത്രമാണ് ഇത്തരം വിൽപ്പന നടത്തുന്നത്. സാധാരണ ആയൂർവേദ മരുന്ന് വിൽപ്പന കേന്ദ്രകൾ സന്ധ്യമയങ്ങുന്നതോടെ പൂട്ടുമെങ്കിലും പല ടൗണുകളിലും ഏറ്റവും അവസാനം അടക്കുന്നതും ഏറ്റവും ആദ്യം തുറക്കുന്നതും ഇത്തരം അരിഷ്ട വിൽപ്പന കേന്ദ്രങ്ങളാണ്.

നിയമനടപടികളിലെ പരിമിതികൾ


സർക്കാർ അംഗീകൃത ആയുർവേദ മരുന്ന് എന്ന പേരിൽ നിർമ്മിച്ചെത്തുന്നതിനാൽ ഇവർക്കെതിരെ എളുപ്പത്തിൽ നിയമനടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. പ്രമുഖ ബ്രാൻഡുകളുടെ ലേബലിൽ എത്തുന്നതിനാൽ സാധാരണ പരിശോധനകളിൽ ഇത് പിടിച്ചെടുക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്.

English Summary

Fake arishta products are reportedly being widely sold in tribal areas under the guise of Ayurvedic medicines. Products carrying counterfeit labels of reputed companies are allegedly marketed with intoxicating effects comparable to alcohol. Excessive consumption is posing serious health and social risks to tribal communities. Such outlets reportedly attract crowds particularly before liquor shops open and on dry days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARISHTAM, AYURVEDIC MEDICINE LABEL, TRIBAL AREAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA