SignIn
Kerala Kaumudi Online
Monday, 28 September 2026 4.34 PM IST

മരുന്ന് ഗോഡൗണുകളിലെ അപായം,​ തീയായത് വീര്യമേറിയ ബ്ളീച്ചിംഗ് പൗഡർ,​ ആലപ്പുഴയിലും അപായം ക്ഷണിച്ചുവരുത്തി,​ അഴിമതിക്കായി മരുന്ന് വാങ്ങിക്കൂട്ടുന്നു

fire

20 ലക്ഷം രൂപയുടെ നാശനഷ്ടം

ആലപ്പുഴ/തിരുവനന്തപുരം: നാടാകെ ഭീതി പടർത്തി മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ

മരുന്നു ഗോഡൗണുകളിൽ തീപിടിത്തമുണ്ടാകുന്നത് അഴിമതി ഉന്നമിട്ട് വാങ്ങിക്കൂട്ടിയ വീര്യം കൂട്ടിയ ബ്ളീച്ചിംഗ് പൗഡർ ആണെന്ന് സൂചന. ആറു മാസത്തെ കാലാവധിയുള്ള ബ്ളീച്ചിംഗ് പൗഡറിനു പകരം രണ്ടുവർഷത്തെ കാലാവധിയുള്ള സാധനം വേണമെന്ന് കോർപ്പറേഷൻ നിർബന്ധം പിടിച്ചെന്നാണറിയുന്നത്. വൻതുകയുടെ പർച്ചേസ് ലക്ഷ്യമിട്ട് ഒരു വർഷത്തേക്കുള്ള മരുന്നുകൾ ഒന്നിച്ചുവാങ്ങി പാഴാക്കുന്നതുപോലെ ബ്ളീച്ചിംഗ് പൗഡറും കുന്നുകൂട്ടിയെന്നാണ് ആക്ഷേപം. എത്രമാത്രം വാങ്ങിയെന്ന വിവരം പുറത്തുവന്നിട്ടില്ല. വലിയ കമ്മീഷൻ ലക്ഷ്യമിട്ട് വാങ്ങിക്കൂട്ടുന്ന മരുന്നുകൾ കാലാവധികഴിയുമ്പോൾ നശിപ്പിന്നത് രഹസ്യമല്ലാതായിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നേരത്തെ ആക്ഷേപമുയർന്നിട്ടുണ്ട്.

കൊല്ലം, തിരുവനന്തപുരം മരുന്നു ഗോഡൗണുകളിലെ തീപിടിത്തം ഇന്നലെ ആലപ്പുഴയിലും ആവർത്തിച്ചു. വണ്ടാനം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള മരുന്ന് ഗോഡൗണിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 33,305 കിലോഗ്രാം ബ്ളീച്ചിംഗ് പൗഡർ കത്തിനശിച്ചു. 15 ലക്ഷം രൂപ വിലവരും.

മഴക്കാലം മുന്നിൽ കണ്ട് ആശുപത്രികൾക്ക് വിതരണം ചെയ്യാനാണ് കെ.എം.എസ്.സി.എൽ ബ്ലീച്ചിംഗ് പൗഡർ വാങ്ങിയത്.അപായ സാദ്ധ്യതയുള്ളതിനാൽ മറ്റു ഗോഡൗണുകളിലെ ബ്ളീച്ചിംഗ് പൗഡർ കമ്പനിക്ക് തിരിച്ചു നൽകാൻ നടപടി തുടങ്ങി.

തിരുവനന്തപുരത്തും കൊല്ലത്തും മരുന്ന് സംഭരണശാലകളിലുണ്ടായിരുന്ന 'ബെൻകി ബിഹാരി'യെന്ന ബ്ളീച്ചിംഗ് പൗഡറാണ് ആലപ്പുഴയിലും വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. 'ബെൻകി ബിഹാരി', 'പാർക്കിൻസ്' ബ്ളീച്ചിംഗ് പൗഡറുകളാണ് ഗോഡൗണിലുണ്ടായിരുന്നത്. ഒരു കിലോഗ്രാം തൂക്കമുള്ള പായ്ക്കറ്റുകൾ നിറച്ച ചാക്കുകൾ അട്ടിയിട്ടിരിക്കുകയായിരുന്നു.

ബ്ളീച്ചിംഗ് പൗഡർ തീഗോളമായി

ഫയർ അലാറമുൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ഗോഡൗണിലെ മെയിൻ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ അനിലാണ് കെട്ടിടത്തിന് പിന്നിൽ തീപിടിച്ചത് ആദ്യം കണ്ടത്.

ജനാലചില്ലുകൾ പൊട്ടിച്ചിതറി തീഗോളങ്ങളുയരുന്നത് കണ്ട് ഓടിയെത്തിയ അനിൽ ഫയർ സ്റ്റാന്റ് പൈപ്പിലെ ഹോസിലൂടെ വെള്ളം ചീറ്റിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആലപ്പുഴയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.ബി വേണുക്കുട്ടന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തി ഒന്നര മണിക്കൂറിലേറെ പ്രയത്നിച്ചാണ് തീ കെടുത്തിയത്.

കോൺക്രീറ്റ് മേൽക്കൂരയ്ക്കും ഭിത്തിക്കും നാശനഷ്ടമുണ്ടായി. മെയിൻ ഗോഡൗണിലെ ആറ് എയർ കണ്ടിഷണറുകളുടെ കംപ്രസറുകളും ബന്ധപ്പെട്ട ഉപകരണങ്ങളും കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ ബ്ളീച്ചിംഗ് പൗഡർ കത്തിനശിച്ചതായാണ് കണക്ക്. കെട്ടിടത്തിനും ഉപകരണങ്ങൾക്കുമുൾപ്പെടെയുണ്ടായ നാശനഷ്ടം അഞ്ചുലക്ഷം രൂപയോളം വരും. അരക്കോടിയിലേറെ വിലവരുന്ന ജീവൻരക്ഷാ ഔഷധങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീ പടരാത്തതിനാൽ വലിയനഷ്ടം ഒഴിവായി.

#70% ക്ളോറിൻ, അമിത വീര്യം

ടെൻണ്ടർ എടുത്ത കമ്പനി അണുനശീകരണശേഷി നീണ്ടുനിൽക്കാൻ ക്രമാതീതമായ തോതിൽ ക്ളോറിൻ ചേർത്തു.

സാധാരണ ബ്ളീച്ചിംഗ് പൗഡറിൽ 30% ക്ളോറിനുണ്ടാവും. നനഞ്ഞാലും അമിതമായി ചൂടാവില്ല,

നിലവിലെ ബ്ളീച്ചിംഗ് പൗഡറിൽ 70% ക്ളോറിൻ. ചെറിയ ഈർപ്പത്തിലും 250 ഡിഗ്രി സെൽഷ്യസ് ചൂടായി തീപിടിക്കും.

വായുസഞ്ചാരമില്ലാത്ത അവസ്ഥയിലും അപായം സംഭവിക്കാം.

ഊഷ്മാവ് ഉയരുമ്പോൾ ബ്ളീച്ചിംഗ് പൗഡറിൽ ഉണ്ടാകുന്ന രാസമാറ്റമാകാം ആലപ്പുഴയിൽ തീപിടിത്തതിന് കാരണമെന്നാണ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA