തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ വറ്റച്ചാകരയുടെ സന്തോഷത്തിലാണ് അഞ്ചുതെങ്ങ് പെരുമാതുറ ഭാഗത്തെ മത്സ്യത്തൊഴിലാളികൾ. ദിവസങ്ങളായി തുടർന്ന മത്സ്യക്ഷാമത്തിന് വിരാമമിട്ടാണ് വറ്റച്ചാകര മത്സ്യത്തൊഴിലാളികളെ തേടിയെത്തിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വറ്റ മീനിന്റെ ലഭ്യതയിൽ വൻ വർധനവുണ്ടായതോടെ മേഖലയിലൊട്ടാകെ വലിയ ആവേശത്തിലാണ്.
കഴിഞ്ഞ കുറച്ചുകാലമായി പുറംകടലിൽ മത്സ്യം ലഭിക്കാത്തത് തീരദേശത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്ധനച്ചെലവും തൊഴിലാളികളുടെ കൂലിയും പോലും കണ്ടെത്താനാകാതെ വന്നതോടെ പലരും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കടലിൽ പോയിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായാണ് ചാകര എത്തിയത്. ഇതോടെ രാപ്പകൽ വ്യത്യാസമില്ലാതെ ലേലപ്പുരയിലും ഹാർബറിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
10 മുതൽ 45 കിലോഗ്രാം വരെ തൂക്കമുള്ള വലിയ വറ്റകളാണ് പ്രധാനമായും ലഭിക്കുന്നത്. ആദ്യദിനങ്ങളിൽ കിലോയ്ക്ക് 280 രൂപ ലഭിച്ചിരുന്ന വലിയ വറ്റയ്ക്ക്, ലഭ്യത കൂടിയതോടെ വില 105 രൂപയായി കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 12 കോടിയിലേറെ രൂപയുടെ കച്ചവടം നടന്നതായി മത്സ്യമേഖലയിലുള്ളവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |