SignIn
Kerala Kaumudi Online
Friday, 30 October 2026 1.44 AM IST

പ്രതിസന്ധിയിൽ ആശ്വാസം : ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് അനുമതി

1

യൂണിറ്റിന് 6.99 മുതൽ 10 രൂപ വരെ
 കൂടിയ വിലയായതിനാൽ ഏപ്രിലിൽ അനുമതിയില്ല


തിരുവനന്തപുരം: വരുംമാസങ്ങളിലെ വൈദ്യുതിപ്രതിസന്ധിക്ക് ആശ്വാസമായി നവംബർ മുതൽ മാർച്ച് വരെയുള്ള ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. യൂണിറ്റിന് 6.99 രൂപ മുതൽ 10 രൂപ വരെ നൽകിയാണ് വാങ്ങുക. വേനൽക്കാലമാണെങ്കിലും യൂണിറ്റിന് 13.89 രൂപ വരെ വിലയായതിനാൽ ഏപ്രിലിലെ കരാറിന് അനുമതി നിഷേധിച്ചു. ആകെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാം. 131.26 കോടിയാണ് ചെലവിടേണ്ടി വരിക. നവംബറിൽ യൂണിറ്റിന് 7.44 രൂപ നൽകി പി.ടി.സി ഇന്ത്യാ ലിമിറ്റഡിൽ നിന്ന് 120 മെഗാവാട്ടും ആർ.പി.ജി പവറിൽനിന്ന് 25 മെഗാവാട്ടും വാങ്ങും.

ഡിസംബറിൽ പി.ടി.സിയിൽ നിന്ന് യൂണിറ്റിന് 7.99 രൂപയ്ക്ക് 120 മെഗാവാട്ടും ജനുവരിയിലും ഫ്രെബ്രുവരിയിലും യൂണിറ്റിന് 6.99 രൂപയ്ക്ക് 240 മെഗാവാട്ട് വീതവും വാങ്ങും. മാർച്ചിൽ പി.ടി.സിയിൽ നിന്ന് 120 മെഗാവാട്ട് 9.98 രൂപയ്ക്കും ജിൻഡാൽ പവറിൽ നിന്ന് 150 മെഗാവാട്ട് 10 രൂപയ്ക്കുമാണ് വാങ്ങുക. ഹ്രസ്വകാല കരാറുകൾക്ക് അനുമതി കിട്ടിയെങ്കിലും ചൂട് കൂടുകയും വൈദ്യുതിഉപഭോഗം വലിയതോതിൽ ഉയരുകയും ചെയ്താൽ പ്രതിസന്ധിക്ക് സാദ്ധ്യതയുണ്ട്. പുതിയ കരാറുകളില്ലെങ്കിൽ വില കൂടിയ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വാങ്ങേണ്ടിവരും.

 ബെസിൽ കടുത്ത വിമർശനം


രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ബാറ്ററി എനർജി സ്‌റ്റോറേജ് സംവിധാനം (ബെസ്) സമയബന്ധിതമായി പൂർത്തിയാക്കാത്തതിന് കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷന്റെ കടുത്തവിമർശനം. ഗുരുതരവീഴ്ചയാണെന്ന് കരാറിന് അനുമതി നൽകിയ ഉത്തരവിൽ കുറ്റപ്പെടുത്തി. ' ഉത്പാദനത്തിൽ വലിയ കമ്മിയുള്ളപ്പോൾ ഇത്തരം പദ്ധതികൾ സമയബന്ധിതമായി കമ്മീഷൻ ചെയ്യുന്നതിൽ വലിയ വീഴ്ചയും അലംഭാവവും അനാസ്ഥയും എങ്ങനെ അംഗീകരിക്കാനാകുമെന്നും ഈ വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദിയെന്നും കമ്മിഷൻ ചോദിച്ചു. ജനുവരിക്കുള്ളിൽ മൈലാട്ടിയിലെയടക്കം പദ്ധതികൾ കമ്മീഷൻ ചെയ്യണമെന്നും നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA