തിരുവനന്തപുരം: ആൻഡമാൻ കടലിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ നവംബർ ഒന്ന് മുതൽ മൂന്നുവരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിനും സമീപത്തെ ആൻഡമാൻ - നിക്കോബാർ ദ്വീപുകൾക്കും മുകളിലായാണ് ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നത്.
ഇത് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 31ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപത്തെ ആൻഡമാൻ - നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്ന് അടുത്ത രണ്ട് ദിവസങ്ങളിൽ ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതിശക്തമായ ചുഴലിക്കാറ്റായ അർണബിന്റെ ശേഷിപ്പ് വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ കിഴക്കൻ മദ്ധ്യപ്രദേശിനും മുകളിലായി ന്യൂനമർദ്ദമായി സ്ഥിതിചെയ്യുന്നു. ഇക്കാരണങ്ങളാൽ നവംബർ ഒന്ന് മുതൽ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് നവംബർ ഒന്ന് മുതൽ മൂന്നുവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുള്ളതുകൊണ്ടാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
യെല്ലോ അലർട്ട്
01/11/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി
02/11/2026: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
03/11/2026: കോഴിക്കോട്, വയനാട്, കണ്ണൂർ
The India Meteorological Department has forecast thunderstorms and heavy rainfall in Kerala from November 1 to 3 due to a developing low-pressure system over the Andaman Sea. Yellow alerts have been issued for several districts, including Pathanamthitta, Kottayam, Idukki, Palakkad, Malappuram, Wayanad, Kozhikode and Kannur. Strong winds of 30–40 kmph are also expected.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |