SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.40 AM IST

നാലുവർഷ ബിരുദത്തിൽ തൊഴിൽ സാദ്ധ്യതയേറും

k

തിരുവനന്തപുരം: പാഠപുസ്തകങ്ങളിലൊതുങ്ങിയിരുന്ന ബിരുദ പഠനം പ്രായോഗിക പരിജ്ഞാനം ലഭിക്കുന്ന വിധത്തിൽ നാലുവർഷ കോഴ്സാക്കുന്നത് തൊഴിൽമേഖലയിൽ ഗുണം ചെയ്യും.

ആർട്സ്, സയൻസ് വേർതിരിവില്ലാതെ എല്ലാ ബിരുദവിദ്യാർത്ഥികൾക്കും മൂന്നാംവർഷത്തിനൊടുവിൽ തൊഴിൽ പരിശീലനവും വ്യവസായ ഇന്റേൺഷിപ്പും നിർബന്ധമാണ്.

ഉന്നതവിദ്യാഭ്യാസം നേടുന്നവർക്ക് തൊഴിൽ നൈപുണ്യമില്ലാത്തത് നിലവിൽ വെല്ലുവിളിയാണ്. ഫൗണ്ടേഷൻ കോഴ്സുകളിലൂടെ ഭാഷാസ്വാധീനവും തൊഴിൽ നൈപുണ്യവും വർദ്ധിപ്പിച്ചും വ്യവസായ ശാലകളിലെ ഇന്റേൺഷിപ്പുകളിലൂടെ പരിചയസമ്പത്തുണ്ടാക്കിയും ഈ വെല്ലുവിളി മറികടക്കാം. എഴുത്ത്, വായന, പ്രഭാഷണം, ഭാഷാപ്രയോഗം തുടങ്ങിയ 20സ്കില്ലുകൾ മെച്ചപ്പെടുത്താനുള്ള കോഴ്സുകളും ബിരുദത്തിന്റെ ഭാഗമാണ്.

ഓരോ കോഴ്സ് പഠിക്കുന്നവർക്കും അനുയോജ്യമായ തൊഴിൽമേഖലയും അതിൽ നേടേണ്ട നൈപുണ്യപരിശീലനവും സർവകലാശാലകൾ പ്രസിദ്ധീകരിക്കും. അഭിരുചിക്ക് ഇണങ്ങുന്ന തരത്തിൽ അടുത്തവർഷം മുതൽ ബിരുദപഠനം നടത്താം. മുഖ്യ വിഷയമടക്കം മാറാനും അവസരമുണ്ടാവും.

സയൻസ് വിദ്യാർത്ഥിക്ക് കല, സാഹിത്യം, സംഗീതം, കോമേഴ്സ് തുടങ്ങിയവയും പഠിക്കാനാവും. സംഗീതോപകരണങ്ങളിലും അഭിനയകലയിലുമെല്ലാം പരിശീലനത്തിന് മൂല്യവർദ്ധിത കോഴ്സുകളുണ്ടാവും.

ബയോളജി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഒരുമിച്ച് പഠിക്കാനാവുന്ന ഡ്യുവൽ ഡിഗ്രി ഇൻ സയൻസ് ആൻഡ് എഡ്യൂക്കേഷൻ എന്ന നാലുവർഷ കോഴ്സ് സ്വകാര്യസർവകലാശാലകളിലുണ്ട്.

നാലുവർഷ കോഴ്സുകൾ വിദേശജോലിക്കും വിദേശത്തെ ഉപരിപഠനത്തിനും ഗുണകരമായിരിക്കും. മൂന്നുവർഷ ബിരുദത്തിന് വിദേശത്തിപ്പോൾ ഡിമാന്റ് കുറവാണ്. എന്നാൽ നാലുവർഷകോഴ്സിന് ലോകത്തെവിടെയും അംഗീകാരമുണ്ട്.

അഭിരുചിക്കനുസരിച്ച് പഠനം

വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാനും പഠിക്കാനും കഴിയും. സ്വയംപഠനം, പ്രായോഗികജ്ഞാനം എന്നിവ സിലബസിന്റെ ഭാഗമായിരിക്കും.

അദ്ധ്യാപക കേന്ദ്രീകൃതമാകാതെ ക്ലാസ് മുറികൾ സംവാദാത്മകമായിരിക്കും. ചെറിയ ബാച്ചുകളായി തിരിച്ച് കുട്ടികളെ ആശയവിനിമയത്തിലൂടെ ഭാഷപഠിപ്പിക്കുന്നതാവും രീതി.

മറ്റേതെങ്കിലും യൂണിവേഴ്സിറ്റിയിലോ കോളേജിലോ പഠിച്ച കോഴ്സിന്റെ ക്രെഡിറ്റുകളും പ്രധാന കോഴ്സിലുൾപ്പെടുത്താം. വിദൂര, ഓൺലൈൻ പഠനത്തിലൂടെ നേടുന്ന ക്രെഡിറ്റുകളും ബിരുദത്തിലുൾപ്പെടുത്താം.

കോഴ്സുകളെയെല്ലാം തൊഴിൽ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, നൈപുണ്യം ആർജ്ജിക്കാൻ അവസരമുണ്ടാവും. മികവു കാട്ടുന്നവർക്ക് പരിശീലനകാലത്തുതന്നെ ജോലിയുറപ്പിക്കാനാവും.

4 ഫൗണ്ടേഷൻ കോഴ്സുകൾ

1. എബിലിറ്റി എൻഹാൻസ്മെന്റ്:ഭാഷാ സ്വാധീനമടക്കം വർദ്ധിപ്പിക്കാനുള്ള പരിശീലനം

2. മൾട്ടി ഡിസിപ്ലിനറി കോഴ്സ്: പ്രധാനവിഷയത്തിന് പുറമെ മറ്റ് വിഷയങ്ങളിൽ അറിവുനേടാൻ

3. സ്കിൽ എൻഹാൻസ്മെന്റ്: എഴുത്ത്, വായന, പ്രഭാഷണം, സ്പോർട്സ്, അഭിനയം, സംഗീതം അടക്കം മെച്ചപ്പെടുത്താൻ 20കോഴ്സുകൾ

4. വാല്യു ആഡഡ് കോഴ്സ്: ലിംഗസമത്വം, ഭരണഘടനാമൂല്യങ്ങൾ, കേരളത്തിന്റെ സവിശേഷതകൾ തുടങ്ങിയ മൂല്യവർദ്ധിത പഠനം

''നാലുവർഷ കോഴ്സുകളിലൂടെ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം. അറിവുകളെ പ്രായോഗികമാക്കി സംരംഭങ്ങളിലേക്കും ഉൽപ്പാദന യൂണിറ്റുകളിലേക്കും മാറ്റാനാവണം.''

-ഡോ.ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA