SignIn
Kerala Kaumudi Online
Friday, 26 June 2026 12.45 AM IST

ഫാറ്റ് എക്സ്ട്രാക്ടർ അഴിമതിയിൽ അന്വേഷണം

READ ENGLISH VERSION
orb

ആലപ്പുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിൽ കൊഴുപ്പ് കണ്ടെത്താനെന്നപേരിൽ 90 ലക്ഷത്തിന്റെ ഉപയോഗ ശൂന്യമായ ഉപകരണം വാങ്ങിയതിൽ അന്വേഷണം. ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ ചീഫ് ഗവൺമെന്റ് അനലിസ്റ്റിനോട് ഭക്ഷ്യസുരക്ഷാ കമ്മിഷണ‌ർ ജാഫർ മാലിക് നിർദ്ദേശിച്ചു. ഭക്ഷണ സാധനങ്ങളിലെ കൊഴുപ്പ് നിർണയിക്കാൻ, ധാന്യങ്ങളിലെയും ഇറച്ചിയിലെയും മാത്രം കൊഴുപ്പ് കണ്ടെത്തുന്നതിനുള്ള ഫാറ്റ് എക്സ്ട്രാക്ടർ വാങ്ങി വകുപ്പിന് സാമ്പത്തികനഷ്ടമുണ്ടാക്കിയത് സംബന്ധിച്ച് ജനുവരി 28ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.

30 ലക്ഷം രൂപ വീതം വിലയുള്ള ഫോസ് ഇന്ത്യ കമ്പനിയുടെ സോക്സ് ടെക് 8000 മോഡലിലുള്ള മൂന്ന് ഫാറ്റ്എക്‌സ്‌ട്രാക്ടറുകളാണ് ആറുമാസം മുമ്പ് വകുപ്പ് വാങ്ങിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജിയണൽ ലാബുകളിൽ പൊടിപിടിക്കുകയാണിവ.

 ഷേയ്ക്കറുകളും സെപ്പറേറ്ററും മാറാല മൂടി

സാമ്പിൾ കെമിക്കലുകൾ ചേർത്ത് കുലുക്കുന്നതിനുള്ള ഓർബിറ്റൽ ഷേക്കറുകളും, സാമ്പിളുകളിൽനിന്ന് ഓയിൽ വേർതിരിക്കുന്നതിനുള്ള സെപ്പറേറ്ററുകളും റീജിയണൽ ലാബുകളിൽ മാറാല മൂടിയ നിലയിലാണ്. മൂന്ന് ഓർബിറ്റൽ ഷേക്കറുകളാണ് റീജിയണൽ ലാബുകളിൽ പൊതിഞ്ഞുകെട്ടിവച്ചിരിക്കുന്നത്. അംഗീകൃത ലാബുകളിൽ നിന്ന് പത്തുവർഷം മുമ്പ് പടിയിറങ്ങിയ ഉപകരണമാണിത്. വെർട്ടെക്സെന്ന ഇപ്പോഴത്തെ ഉപകരണത്തിൽ ചെറിയ ട്യൂബുകളിൽ 30 മില്ലി വീതം കുറഞ്ഞ അളവിൽ കെമിക്കലും വൈദ്യുതിയും ഉപയോഗിച്ച് ഒരുമിനിട്ടിനുള്ളിൽ കൂടുതൽ സാമ്പിൾ പരിശോധിക്കാം. ഓർബിറ്റൽഷേക്കറിൽ 250 മില്ലിയുടെ ഫ്ളാസ്കുകളിലാണ് സാമ്പിൾ ശേഖരിക്കുന്നത്. അതിനനുസരിച്ച് കെമിക്കലും സമയവും വേണ്ടിവരുന്നത് ജോലിഭാരവും സാമ്പത്തിക നഷ്ടവും കൂട്ടും. ഓർബിറ്റൽ ഷേക്കറിന് നാലുലക്ഷത്തോളം രൂപയാണ് വില. വെർട്ടെക്സിന്റെ വില ഇതിന്റെ പത്തിലൊന്നിൽ താഴെയും.

ഭക്ഷ്യസുരക്ഷാ ലാബുകളിൽ ഉപയോഗശൂന്യമായി തുടരുന്ന ഉപകരണങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ലഭിച്ചശേഷം നടപടി സ്വീകരിക്കും

-ജാഫർ മാലിക്, ഭക്ഷ്യസുരക്ഷാ കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA