SignIn
Kerala Kaumudi Online
Friday, 03 July 2026 8.52 PM IST

ധനവകുപ്പ് ബില്ലിന് അനുമതി നൽകാതെ ഗവർണർ

p

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലിനോട് അപ്രീതി പ്രകടിപ്പിച്ചതിനു പിന്നാലെ, നാളെ നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന നികുതിവകുപ്പിന്റെ ബില്ലിന് അനുമതി നൽകാതെ ഗവർണർ. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുമുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. ഇതിനൊപ്പം ആഭ്യന്തര വകുപ്പ് അവതരണാനുമതി തേടിയ ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആക്കാനുള്ള ബില്ല് അവതരിപ്പിക്കാൻ ഇന്നലെ രാത്രി ഗവർണർ അനുമതി നൽകി. ഈ ബിൽ മുഖ്യമന്ത്രിയാണ് തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്.

1963 ലെ കെ.ജി.എസ്.ടി നിയമം ഭേദ​ഗതി ചെയ്യുന്നതിനുള്ള കേരള പൊതുവില്പന നികുതി (ഭേദ​ഗതി) ബില്ലിന്റെ കരടിന് ഈമാസം ഒന്നിനുചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ‍ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോളുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പിക്കാനായിരുന്നു നിയമഭേദഗതി.

സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലുകളായതിനാലാണ് ഗവർണറുടെ അനുമതി വേണ്ടത്. ഇരുബില്ലുകളും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ളതാണെന്നറിയിച്ച് ഇന്നലെ സർക്കാർ രാജ്ഭവനിലെത്തിക്കുകയായിരുന്നു. കൊച്ചിയിലായിരുന്ന ഗവർണറുടെ അനുമതി തേടി ബില്ലുകൾ ഓൺലൈനിൽ അയച്ചുകൊടുക്കുകയായിരുന്നു. രാത്രി ഒമ്പതോടെ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായമുയർത്താനുള്ള ബില്ലിൽ ഒപ്പിട്ടു. നികുതിവകുപ്പിന്റേത് മാറ്റിവച്ചു. ഭരണഘടനയുടെ 207(3) അനുച്ഛേദമനുസരിച്ചാണ് ഇത്തരം ബില്ലുകൾക്ക് ഗവർണറുടെ അനുമതി വേണ്ടത്.

തനിക്കെതിരേ പരസ്യപ്രസ്താവനകൾ നടത്തിയ ധനമന്ത്രിയോടുള്ള തന്റെ പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇത് കൈയോടെ തള്ളി മുഖ്യമന്ത്രിയും തിരിച്ച് കത്തെഴുതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA