കൊച്ചി: യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസറ്റർ ചെയ്‌ത കേസിൽ തുടർനടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു. പ്രശ്‌നം ഒത്തുതീർപ്പായെന്ന് നടി അറിയിച്ചതിന് പിന്നാലൊണ് കോടതി നടപടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി നടിയുടെ നിലപാട് തേടിയിരുന്നു.
ഇതിനിടെ നടിയോട് ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. ഈ ക്ഷമാപണം നടി സ്വീകരിച്ചുകൊണ്ട് പ്രശ്‌നം ഒത്തുതീർപ്പായതായി കോടതിയിൽ സത്യവാംഗ്‌മൂലം നൽകി. ഇത് പരിഗണിച്ചാണ് കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്‌തത്. വിചാരണക്കോടതി നടപടികൾക്കാണ് സ്റ്റേ.
ഒരു ഉദ്‌ഘാടനച്ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗം നടത്തി അപമാനിച്ചുവെന്ന് ആരോപിച്ച് നടി രംഗത്തെത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെ സൈബർ അധിക്ഷേപം നടത്തിയെന്നും നടി ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. തുടർന്ന് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
തന്റെ വാക്കുകൾകൊണ്ടുണ്ടായ അപമാനത്തിന് ക്ഷമ ചോദിക്കുന്നതായി ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടിയും വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |