SignIn
Kerala Kaumudi Online
Monday, 05 October 2026 2.35 AM IST

ഗ്യാനേഷിനെതിരായി വിജിലൻസ് അന്വേഷണം,​ ഫയൽ പരിശോധന തുടങ്ങി 

READ ENGLISH VERSION
aa

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലത്തിൽ പ്രക്ഷോഭം നടക്കവേ, അദ്ദേഹത്തിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം. കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോൾ കെ.എസ്.ടി.പി കരാറിലുണ്ടായ അഴിമതിയിലും കരാറെടുത്ത മലേഷ്യൻ കമ്പനിയുടെ ചീഫ് എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിലുമാണ് പുനരന്വേഷണം.
20 വർഷം മുമ്പുള്ള അഴിമതി കേസിൽ സംസ്ഥാന വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി.വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തും.

2005ലെ പൊതുമരാമത്ത് വകുപ്പിന്റെ ഫയലുകളും 2006ൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയതിന്റെ ഫയലുകളുമാണ് പരിശോധിക്കുന്നത്. അന്ന് തുടർ നടപടികൾ ഉണ്ടായില്ല. ഗ്യാനേഷ് കുമാർ പിന്നീട് കേന്ദ്ര ഡെപ്യുട്ടേഷനിൽ പോയി. കരാറിൽ അഴിമതിയുണ്ടെന്ന് ആരോപണം ഉയർന്നതോടെ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ.മുനീറിനെതിരെ വിജിലൻസ് അന്വേഷണം നടന്നിരുന്നു. വിജിലൻസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാൽ എൻജിനീയറുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നില്ല.

കെ.പി.സി.സി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്.

നിയമോപദേശം പരിശോധിച്ചാണ് വീണ്ടും അന്വേഷണം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന ഭരണഘടനാ പദവിയിൽ വരുന്നതിന് മുമ്പുള്ള കേസായതിനാൽ അന്വേഷണത്തിന് തടസമില്ലെന്നാണ് നിയമോപദേശം.

എം.സി റോഡ് വികസനത്തിനുള്ള കെ.എസ്.ടി.പി കരാറെടുത്തത് മലേഷ്യൻ കമ്പനിയായ പതിയും കൊച്ചിയിലുള്ള ഭഗീരഥ എൻജിനീയറിങും ചേർന്നുള്ള പതിബെൽ കൺസോർഷ്യമായിരുന്നു. 127 കിലോമീറ്റർ റോഡിന് 215 കോടിയായിരുന്നു കരാർ. പദ്ധതി 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് വൈകിയതിനാൽ പണി പൂർത്തിയായില്ല. ഇതോടെ 17 കോടി രൂപയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു.

പി.ഡബ്ള്യു.ഡി സെക്രട്ടറി ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ ആരോപണം. കമ്പനിയുടെ കേരള പ്രോജക്ട് മാനേജറായിരുന്ന ലീ സീ ബിൻ മലേഷ്യയിൽ ആത്മഹത്യ ചെയ്തു. ആത്മഹത്യ കുറിപ്പുകളിൽ ഗ്യാനേഷ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേരുള്ളതായി ആരോപണം ഉയർന്നിരുന്നു. 2006ൽ വി.എസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA