SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.52 AM IST

എൻജി. പ്രവേശനം: പുതിയ രീതി ശരി വച്ച് ഹൈക്കോടതി

a

കൊച്ചി: കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കാൻ സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി തള്ളി. പ്രവേശന പരീക്ഷാ രീതികളിലും മൂല്യനിർണയത്തിലും മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ,അക്കാഡമിക് കാര്യങ്ങൾ വിദഗ്ദ്ധരുടെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാർ നടപടി ശരി വച്ചത്.

2026ലെ പ്രോസ്പെക്ടസിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് ഒരു കൂട്ടം സി.ബി.എസ്.ഇ വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. ഭരണഘടനാ വിരുദ്ധമോ പ്രകടമായ വിവേചനമോ ഇല്ലാത്ത പക്ഷം കോടതികൾ ഇത്തരം നയപരമായ തീരുമാനങ്ങളിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

വിദ്യാഭ്യാസ ബോർഡുകൾ തമ്മിലുള്ള മാർക്ക് വ്യത്യാസം പരിഹരിക്കാൻ തമിഴ്നാട് മാതൃകയിലുള്ള നോർമലൈസേഷൻ രീതിയാണ് ഇത്തവണ സർക്കാർ സ്വീകരിച്ചത്.വിദഗ്ദ്ധ പഠനം നടത്താതെയാണ് മാറ്റം കൊണ്ടു വന്നതെന്നും ഇത് സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, പുതിയ രീതി പ്രകാരം ഒരു വിദ്യാർത്ഥിയുടെയും മാർക്ക് കുറയുന്ന സാഹചര്യമുണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഓരോ ബോർഡിലെയും ഉയർന്ന മാർക്കിനെ 100 ശതമാനമായി കണക്കാക്കുന്ന രീതി കൂടുതൽ സുതാര്യമാണ്. തമിഴ്നാട്ടിൽ വർഷങ്ങളായി വിജയകരമായി തുടരുന്ന രീതിയാണിതെന്നും ചൂണ്ടിക്കാട്ടി.

പ്രവേശന പരീക്ഷാ കമ്മിഷണർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവരടങ്ങിയ സമിതിയാണ് പുതിയ രീതി ശുപാർശ ചെയ്തത്. ഇവർ വിദ്യാഭ്യാസ വിദഗ്ദ്ധരല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.ഹർജിക്കാരിൽ ചിലർ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. അവർക്ക് ഈ വർഷത്തെ പരീക്ഷ എഴുതാൻ അർഹതയില്ലാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA