SignIn
Kerala Kaumudi Online
Monday, 25 May 2026 6.55 PM IST

കരുവന്നൂർ കേസിൽ ഹൈക്കോടതി, സി.പി.എം നേതാക്കളിലും അന്വേഷണം വേണം

high-court


ക്രൈംബ്രാഞ്ചിന് 3 മാസം സമയം
സമ്മർദ്ദങ്ങൾക്ക് കീഴടങ്ങരുത്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഊർജിത അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം. അന്വേഷണത്തിന് മൂന്നുമാസം സമയം നൽകി. ഉന്നതർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ക്രൈംബ്രാഞ്ച് വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ഡി.കെ.സിംഗ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

അന്വേഷണത്തിൽ ആരെങ്കിലും ഇടപെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ റെക്കാർഡ് ചെയ്ത് കോടതിയെ അറിയിക്കണം. പരാതിക്കാർക്കെതിരെയും അന്വേഷണം നടത്താം. സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാതെ സ്വതന്ത്രവും നീതിയുക്തവുമായ നടപടികളാണ് വേണ്ടത്. ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിന്റെയും സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിൽക്കൂടി വേണം അന്വേഷണം നടത്താൻ.

പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെയും സത്യവാങ്മൂലത്തിന്റേയും പകർപ്പ് ഇ.ഡി ക്രൈംബ്രാഞ്ചിന് കൈമാറണം. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് മുൻ ജീവനക്കാരൻ എം.വി.സുരേഷ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജൂലായിൽ വീണ്ടും പരിഗണിക്കും.

അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായിരുന്നു. കേസിൽ നാലുവർഷമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്തതിൽ കോടതി കഴിഞ്ഞദിവസം രൂക്ഷവിമർശനം നടത്തിയിരുന്നു. സർക്കാർ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കേണ്ടിവരുമെന്നും വാക്കാൽ പറഞ്ഞിരുന്നു.

മൊഴിയെടുത്തു

തുടർ നടപടിയില്ല

കരുവന്നൂർ കേസിൽ സി.പി.എം മുൻ ജില്ലാ സെക്രട്ടറിമാരായ എ.സി.മൊയ്തീൻ എം.എൽ.എ, എം.എം.വർഗീസ് എന്നിവരിൽ നിന്നടക്കം ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. അതേസമയം, എ.സി.മൊയ്തീൻ, എം.എം.വർഗീസ് എന്നിവരെ ഇ.ഡി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. വടക്കാഞ്ചേരിയിലെ കൗൺസിലറും സി.പി.എം നേതാവുമായ അരവിന്ദാക്ഷൻ, പണമിടപാടുകാരൻ പി.സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി.കിരൺ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരെ ഇ.ഡി അറസ്റ്റു ചെയ്തിരുന്നു.

തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, എം.കെ.കണ്ണൻ എന്നിവരെ ചോദ്യം ചെയ്തു. മുൻ ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണൻ എം.പിയിൽ നിന്ന് കഴിഞ്ഞ ദിവസം മൊഴിയുമെടുത്തു. ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിന്റെയും സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിൽക്കൂടി വേണം അന്വേഷണം നടത്താനെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനാൽ ഇതിൽ ഉൾപ്പെട്ടവരിലേക്കും ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്തേണ്ടിവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA