
കൊച്ചി: മാസപ്പടി കേസിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമുണ്ടോ എന്നതിലെ നിയമപ്രശ്‌നം ഹൈക്കോടതി വിശദമായി പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 66 (2) പ്രകാരം നൽകിയ റിപ്പോർട്ടിൽ എഫ്.ഐ.ആർ നിർബന്ധമാണെന്ന് ഇ.ഡിയും തീരുമാനിക്കാൻ വിവേചനാധികാരമുണ്ടെന്ന് സർക്കാരും നിലപാടെടുത്ത സാഹചര്യത്തിലാണിത്. ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവച്ച കവറിൽ ഹാജരാക്കാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ ഇ.ഡിക്ക് നിർദ്ദേശം നൽകി. 29ന് വിശദമായ വാദം കേൾക്കും.
ഇ.ഡി റിപ്പോർട്ട് പ്രകാരം പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തതിനെ ചോദ്യം ചെയ്ത് അഡ്വ.കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളിയാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇ.ഡി റിപ്പോർട്ട് ഹർജിക്കാരൻ കണ്ടോയെന്ന് കോടതി ചോദിച്ചു. വിഷയം ഗൗരവമുള്ളതാണ്. അതിനാൽ നിയമപ്രശ്‌നം വിശദമായി പരിശോധിക്കാമെന്നും വ്യക്തമാക്കി.
സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്: ഇ.ഡി;
ഹർജി ഇ.ഡി നൽകിയില്ല: എ.ജി
എസ്.എഫ്.ഐ.ഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.ഡി നടത്തിയ അന്വേഷണത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വസ്തുതകൾ കണ്ടെത്തിയതായി ഇ.ഡി.യുടെ അഭിഭാഷകൻ ജയശങ്കർ വി. നായർ വാദിച്ചു. 2025ൽ തന്നെ പൊലീസിന് കത്ത് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ബാദ്ധ്യതയുണ്ടെന്നും സമാന കേസുകളിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ.ഡി വാദിച്ചു. മതിയായ തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നല്ലേ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതെന്ന് കോടതി വാക്കാൽ ചോദിച്ചു.
ഹർജി നിലനിൽക്കില്ലെന്ന് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വാദിച്ചു. പൊതുതാത്പര്യ ഹർജിയാണ് ഫയൽ ചെയ്യേണ്ടിയിരുന്നത്. അതല്ലെങ്കിൽ ഇ.ഡിയാണ് കോടതിയെ സമീപിക്കേണ്ടത്. ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് തീരുമാനമെടുത്തതെന്നും വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |