SignIn
Kerala Kaumudi Online
Thursday, 04 June 2026 3.59 PM IST

മലയിടംതുരുത്ത് ഒഴിപ്പിക്കലിന് ജൂൺ 16 വരെ സാവകാശം; സർക്കാരിന് സമയം നീട്ടിനൽകി ഹൈക്കോടതി

READ ENGLISH VERSION
highcourt

കൊച്ചി: മലയിടം തുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ജൂൺ 16 വരെ സാവകാശം അനുവദിച്ച് ഹൈക്കോടതി. ജൂൺ ഒമ്പതിനകം ഒഴിപ്പിക്കണമെന്ന പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ഇനി സാവകാശം നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒത്തുതീർപ്പിന്റെ ഭാഗമായി നാളെ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് ചർച്ച നടത്തും.

ബലപ്രയോഗമുണ്ടാകാതെ മലയിടംതുരുത്തിലെ പ്രശ്‌നം തീർക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂർ മുൻസിഫ് കോടതി വീണ്ടും ഉത്തരവിറക്കിയത്. ഒമ്പതാം തീയതിക്കകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു അഭിഭാഷക കമ്മീഷന് കോടതി നൽകിയ നിർദേശം. മതിയായ സുരക്ഷ ഒരുക്കണമെന്ന് പൊലീസിനോടും കോടതി നിർദേശിച്ചു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് എജി കോടതിയെ അറിയിച്ചു. തുടർന്നാണ് 16 വരെ സമയം നീട്ടി നൽകിയത്.

മലയിടംതുരുത്തിന് സമീപം തന്നെ 35 സെന്റ് സ്ഥലം വാങ്ങി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് വീടുകൾ വച്ചുകൊടുക്കാമെന്ന ഫോർമുല മാത്രമാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള കണ്ണാട്ട് കുടുംബാംഗങ്ങളെയും സർക്കാർ ചർച്ചയിലേക്ക് വിളിച്ചിട്ടുണ്ട്. മലയിടം തുരുത്തിലെ ഭൂമി വിട്ടുപോകാൻ തയ്യാറല്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. റീസർവേ നടത്താതെ മറ്റൊരു നടപടിയുമായും സഹകരിക്കില്ലെന്നും ഇവർ വ്യക്തമാക്കി. താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റാൻ സർക്കാർ നേരത്തേ ശ്രമിച്ചെങ്കിലും അവരത് അംഗീകരിക്കാൻ തയ്യാറായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA GOVT, MALAYIDAMTHURUTH EVICTION, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA