
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ നാഷണൽ ഇൻഷ്വറൻസ് കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പിട്ട് സാങ്കേതിക സർവകലാശാല. സർവകലാശാലയിലെ എല്ലാ കോളേജുകളിലെയും വിദ്യാർത്ഥികൾക്കായാണ് 'സുരക്ഷ" എന്ന പേരിൽ ഗ്രൂപ്പ് പേഴ്സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി.
ഒരാൾക്ക് പരമാവധി 12 ലക്ഷം രൂപ വരെ അപകട ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. വിദ്യാർത്ഥിയുടെ മാതാപിതാക്കളിൽ ആർക്കെങ്കിലും അപകടമരണം സംഭവിച്ചാൽ 5 ലക്ഷം രൂപ നോമിനിക്ക് ലഭിക്കും. അപകടത്തിന് ശേഷമുള്ള ചികിത്സയ്ക്കും അപകടങ്ങൾ മൂലം വിദ്യാർത്ഥിക്കോ രക്ഷിതാവിനോ ഉണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യത്തിനും ഒരു ലക്ഷം രൂപ ലഭിക്കും. ആശുപത്രിവാസത്തിന് ശേഷമുള്ള 30 ദിവസത്തെ ചികിത്സാച്ചെലവുകളും ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'സുരക്ഷ" പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. സിസ തോമസ് പറഞ്ഞു. ഇൻഷ്വറൻസ് പരിരക്ഷ കൂടാതെ വിവിധ രോഗങ്ങൾക്കുള്ള ചികിത്സാസഹായവും ഏതെങ്കിലും രോഗങ്ങൾ മൂലം വിദ്യാർത്ഥിയുടെ മരണം സംഭവിച്ചാൽ നോമിനിക്കുള്ള 5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സർവകലാശാല തുടർന്നും ലഭ്യമാക്കും.
രജിസ്ട്രാർ (ഇൻ-ചാർജ്) ഗോപിൻ ജി. യും നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ചീഫ് ബിസിനസ് മനേജർ രതീഷ്.കെ.കെയുമാണ് ധാരണാപത്രം ഒപ്പുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |