
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യത്തിന് കരുത്തേകുന്ന, തദ്ദേശീയമായി നിർമ്മിച്ച 'ബാഹുബലി' എന്ന കൂറ്റൻ എൽ.വി.എം ത്രീ റോക്കറ്റിന്റെ നിർമ്മാണവും വിക്ഷേപണവും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐ.എസ്.ആർ.ഒ. ഇതിനായി കേന്ദ്രസർക്കാരിന്റെ ബഹിരാകാശ വാണിജ്യ സ്ഥാപനമായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഒാതറൈസേഷൻ സെന്റർ താത്പര്യപത്രം ക്ഷണിച്ചു.
താത്പര്യപ്പെട്ട് വരുന്ന സ്ഥാപനങ്ങൾ 42 മാസത്തിനുള്ളിൽ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി നടത്തി കാണിക്കണം. അതുവരെ ഐ.എസ്.ആർ.ഒയുടെ നിയന്ത്രണത്തിലായിരിക്കും സാങ്കേതികവിദ്യ. വൻകിട വാണിജ്യ വിക്ഷേപണ രംഗത്തേക്കുള്ള ഇന്ത്യയുടെ ശക്തമായ കടന്നുവരവിന് വഴിതുറന്ന റോക്കറ്റാണിത്.
ശക്തിയേറിയ റോക്കറ്റ്
നൂറു ശതമാനം വിക്ഷേപണ വിജയ സാദ്ധ്യതയുള്ളതാണ് എൽ.വി.എം ത്രീ. ഉയരം 43.5മീറ്റർ. ഭാരം 640 ടൺ. ഏറ്റവും ശക്തിയേറിയ റോക്കറ്റായതിനാലാണ് ബാഹുബലി എന്ന വിളിപ്പേര് നൽകിയത്. ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4200 കിലോ ഭാരവും ലോ എർത്ത് ഓർബിറ്റിലേക്ക് അതിൽ കൂടുതലും വഹിക്കാനാകും. പുതിയ ലക്ഷ്യങ്ങളായ ഗ്രഹാന്തരദൗത്യങ്ങൾ,ഗഗൻയാൻ, സ്പേസ് സ്റ്റേഷൻ നിർമ്മാണം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് റോക്കറ്റ് നിർമ്മാണത്തിൽ നിന്ന് ഐ.എസ്.ആർ.ഒ പിന്മാറുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |