
തിരുവനന്തപുരം: 'ചില നിസാര ശുപാർശകൾക്ക് വന്നതാണ്".- ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിൽ സന്ദർശിച്ചശേഷം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റേതാണ് പ്രതികരണം. ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറോടിച്ചാണ് കടകംപള്ളി എത്തിയത്. ശബരിമല സ്വർണക്കൊള്ളയിലെ എസ്.ഐ.ടിയുടെ അന്വേഷണം വഴിത്തിരിവിലുള്ളപ്പോഴായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയും കടകംപള്ളിയുടെ ഹെൽമറ്റില്ലാ യാത്രയുമാണ് വിവാദത്തിലായത്.
ഇന്നലെ രാവിലെ 7.30നാണ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വീട്ടിൽ കടകംപള്ളി എത്തിയത്. സന്ദർശനം മുൻകൂട്ടി അറിയിച്ചിരുന്നു. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ഈസമയം വീട്ടിൽ നിരവധി സന്ദർശകരുമുണ്ടായിരുന്നു. തിരിച്ചിറങ്ങിയപ്പോഴാണ് മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. എന്നാൽ ചെന്നിത്തലയോടുള്ള ശുപാർശ എന്തെന്ന് കടകംപള്ളി വെളിപ്പെടുത്തിയില്ല. എന്തായിരുന്നു ചർച്ച എന്നും വ്യക്തമാക്കിയില്ല. അതിനിടെ കടകംപള്ളിയുടെ വരവും മടങ്ങലുമടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
'ഹെൽമറ്റില്ലാത്തതിന് പിഴയിടുമോ"
ഹെൽമറ്റ് ധരിക്കാതെ എത്തിയ കടകംപള്ളി സുരേന്ദ്രന് മോട്ടോർവാഹന വകുപ്പ് പിഴയിടുമോ എന്ന ചോദ്യം സമൂഹമാദ്ധ്യങ്ങളിൽ നിറയുകയാണ്. കടകംപള്ളിക്കെതിരെ നടപടി ആവശ്യപ്പെച്ച് യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് പരാതി നൽകി. അഭിഭാഷകനും പൊതുപ്രവർത്തകനുമായും കുളത്തൂർ ജയിംസ് മുഖ്യമന്ത്രിക്കും പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |