
കോട്ടയം: ജനപ്രതിനിധികളല്ല ജനങ്ങളാണ് വി.ഐ.പികളെന്ന് കരുതിയ ആളാണ് ഉമ്മൻചാണ്ടിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് പുതുപ്പള്ളിയിൽ നടന്ന സ്മൃതിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർക്കുന്നവരെപോലും പ്രതികാരബുദ്ധിയോടെ കാണാത്ത ഉമ്മൻ ചാണ്ടിയുടെ ശൈലിയാണ് യു.ഡി.എഫിന്റെ വിജയത്തിന് കാരണം. കേരളത്തിലെ പൊതുപ്രവർത്തനകാലം ഉമ്മൻചാണ്ടിക്ക് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തുന്നു. മുഖ്യമന്ത്രിയായിരിക്കെ കല്ലേറിൽ പരിക്കേറ്റപ്പോഴും പ്രതികൾക്കെതിരെ നടപടിയെടുക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ എന്നിവർ സംസാരിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിക്കാൻ ആയിരങ്ങളെത്തി.
അലോഷ്യസിനെ ചേർത്തുപിടിച്ച് സുധീരൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണവേദിയിൽ കസേര ലഭിക്കാത്തതിനെ തുടർന്ന് വേദിക്കരികിൽ താഴെയിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ പ്രസംഗത്തിനിടെ കൈകൊടുത്ത് പ്രശംസിച്ച് മുതിർന്ന നേതാവ് വി.എം.സുധീരൻ. '' അലോഷ്യസ് സേവ്യർ ഇവിടെ കെ.എസ്.യുവിനെ നയിക്കുന്നു. ആരുടെ മുൻപിലും ആർജ്ജവത്തോടെ നിലപാട് പറയുന്നതാണ് കെഎസ്.യുവിന്റെ പാരമ്പര്യം. ഇടയ്ക്ക് പ്രയാസങ്ങളൊക്കെ വരും.അതൊന്നും കാര്യമാക്കേണ്ട. പരിഹാരമുണ്ടായില്ലെങ്കിൽ ക്ഷമാപൂർവം ഉൾക്കൊള്ളണം'' സുധീരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |