
കോട്ടയം : പുതുപ്പള്ളിക്കിത് പുതു ചരിത്രമാണ്. 1970 മുതൽ 12 തവണ തുടർച്ചയായി ഉമ്മൻചാണ്ടിയെ നിയമസഭയിലേക്കെത്തിച്ച പുതുപ്പള്ളിക്കാർ അദ്ദേഹത്തിന്റെ മരണ ശേഷം മകനെ കൈവിട്ടില്ലെന്ന് മാത്രമല്ല പിതാവിന് നൽകിയതിനെക്കാൾ വമ്പിച്ച ഭൂരിപക്ഷവും നൽകി.
ലാളിത്യവും അച്ചടക്കവും പ്രസ്ഥാനത്തോട് കൂറുമായിരുന്നു ചാണ്ടിയെ വ്യത്യസ്തനാക്കിയത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജേഡോ യാത്രയിൽ നഗ്‌നപാദനായി നടന്നു നീങ്ങുന്ന ചാണ്ടി ഉമ്മന്റെ ചിത്രങ്ങൾ കോൺഗ്രസ് സൈബറിടങ്ങൾ ആഘോഷമാക്കിയിരുന്നു. ഒപ്പം പുതുപ്പള്ളിക്കാരുടെ പ്രിയപ്പട്ട കുഞ്ഞൂഞ്ഞിന്റെ മകനെന്ന സ്നേഹവും ലഭിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ജനപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയുണ്ടാകുമെന്ന ഉറപ്പുമായി ജനങ്ങളെ സമീപിച്ച ചാണ്ടി വാക്കിലും നോക്കിലും ശൈലിയിലും പിതാവിനെ ഓർമിപ്പിച്ചു.
ചീകാത്ത തലമുടിയും അലസ വസ്ത്രധാരണവും സംഭാഷണ രീതിയുമെല്ലാം കാരണം 'ഇതാ ഞങ്ങളുടെ കുഞ്ഞൂഞ്ഞ്' എന്ന തോന്നൽ കോൺഗ്രസ് പ്രവർത്തകർക്കുണ്ടായി. നടൻ വിനായകൻ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചപ്പോൾ ചാണ്ടി സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനായകനെതിരെ കേസ് വേണ്ടെന്നായിരുന്നു പ്രതികരണം. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യുവിലൂടെയാണ് ചാണ്ടി സംഘടനാരംഗത്തെത്തിയത്. 2006ൽ ഡൽഹി സെന്റ്. സ്റ്റീഫൻസ് കോളജ് യൂണിയൻ ചെയർമാനായതോടെയാണ് ശ്രദ്ധേയനായത്. തുടർന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃനിരയിൽ തിളങ്ങിയെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ഉമ്മൻചാണ്ടിയുടെ അര നൂറ്റാണ്ട് തികഞ്ഞ നിയസഭാ ജീവിതത്തിന്റെ ആഘോഷ വേളയിലാണ് ചാണ്ടിയെ പുതുപ്പള്ളിയിലേയ്ക്ക് അവതരിപ്പിക്കുന്നത്. അന്ന് നടന്ന റോഡ് ഷോയിലുടനീളം നിയന്ത്രണമേറ്റെടുത്ത് ചാണ്ടിയുണ്ടായിരുന്നു.
1986 മാർച്ച് ഒന്നിന് ഉമ്മൻ ചാണ്ടിയുടെയും മറിയാമ്മ ഉമ്മന്റെയും മൂന്നാമത്തെ മകനായി ജനനം. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് പിതാവിന്റെ പേരു കൂടി ചേർത്ത് ചാണ്ടി
ഉമ്മനെന്ന് ഉമ്മൻചാണ്ടി മകന് പേരിട്ടു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഡൽഹി സർവകലാശാലയിൽ നിന്ന് എൽ.എൽ.ബിയും പൂർത്തിയാക്കി. 2016ൽ ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിൽ സമ്മർ കോഴ്‌സ് ചെയ്ത ചാണ്ടി
ഡൽഹിയിലെ നാഷണൽ ലാ യൂണിവേഴ്‌സിറ്റിയിൽ എൽ.എൽ.എം ക്രിമിനോളജിയും പൂർത്തിയാക്കി അഭിഭാഷകനായി . 2016 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ്. വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്രൊഫഷണൽ സ്റ്റഡീസിൽ ഫാക്കൽറ്റിയായും പ്രവർത്തിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെൽ ചെയർമനാനും, കെ.പി.സി.സി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |