SignIn
Kerala Kaumudi Online
Sunday, 21 June 2026 1.50 AM IST

രേഖകൾക്കായി കാത്തിരിപ്പ്; വീണയെ വീണ്ടും ചോദ്യം ചെയ്യുന്നത് വൈകും

s

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യുന്നത് വൈകിയേക്കും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കോടതിയിൽ സമർപ്പിച്ച സുപ്രധാന രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭ്യമാകാത്തതാണ് കാരണം. 134 രേഖകളാണ് കിട്ടേണ്ടത്. ഇവ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

പത്ത് ദിവസത്തിനകം രേഖകൾ സമർപ്പിക്കാനായിരുന്നു എസ്.എഫ്.ഐ.ഒയ്‌ക്ക് കൊച്ചിയിലെ പ്രത്യേക കോടതി (പി.എം.എൽ.എ) നൽകിയ നിർദ്ദേശം. ഈ വ്യാഴാഴ്ചയായിരുന്നു അവസാന തീയതി. വീണയുടെ ആദായ നികുതി റിട്ടേണുകൾ ഉൾപ്പെടെയുള്ള രേഖകളാണ് പി.എം.എൽ.എ കോടതി വഴി ഇ.ഡിക്ക് ലഭിക്കാനുള്ളത്. ഇവ പരിശോധിച്ചാലേ പ്രതിപ്പട്ടികയിലുള്ളവരെ വീണ്ടും ചോദ്യം ചെയ്യുന്നതിലേക്കും തുടർ നടപടികളിലേക്കും കടക്കാൻ ഇ.ഡിക്ക് സാധിക്കൂ.സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് തിരുവനന്തപുരം എം.ജി റോഡിലെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള വീണയുടെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സി.എം.ആർ.എല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരം. എക്സാലോജിക് നൽകിയ ഐ.ടി സേവനങ്ങൾക്കുള്ള പ്രതിഫലമായി 2017 മുതൽ 2020 വരെ സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്നും എന്നാൽ അത്തരം സേവനങ്ങളൊന്നും കമ്പനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിക്കുകയും പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുക്കുകയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA VIJAYN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA