SignIn
Kerala Kaumudi Online
Sunday, 19 July 2026 6.03 AM IST

വയോജന ക്ഷേമം: അധികപെൻഷനിൽ പുറംതിരിഞ്ഞ് കേരളം

d

തിരുവനന്തപുരം:വയോജന ക്ഷേമം സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെങ്കിലും വയോജനങ്ങൾക്ക് അധികപെൻഷൻ നൽകണമെന്ന കേന്ദ്രനിർദ്ദേശം നടപ്പാക്കാതെ കേരളം.

കേന്ദ്ര,സംസ്ഥാനസർക്കാരുകളിൽ നിന്ന് സർവ്വീസ് പെൻഷൻ വാങ്ങുന്ന വൃദ്ധർക്ക് പ്രായത്തിന് ആനുപാതികമായി അധികപെൻഷൻ നൽകണമെന്നാണ് കേന്ദ്രനിർദ്ദേശം.1990ൽ ബി.എൻ.ശ്രീകൃഷ്ണ കമ്മിഷൻ നൽകിയ ശുപാർശ കേന്ദ്രം നടപ്പാക്കിയിരുന്നു.പിന്നീട് ഇക്കാര്യം സുപ്രീം കോടതിയും ശരിവെച്ചിരുന്നു.പെൻഷൻ അവകാശമാണെന്നും അധികപെൻഷൻ മാനുഷികമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.പ്രായം കൂടുന്തോറും ചികിത്സാ ചെലവ് കൂടുന്നതിനാൽ അധികപെൻഷൻ അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വയോജന ക്ഷേമവകുപ്പ് രൂപീകരിച്ച സാഹചര്യത്തിൽ അധികപെൻഷൻ നിർദ്ദേശവും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പെൻഷൻകാരനും സന്നദ്ധപ്രവർത്തകനുമായ എം.ജെ.ആന്റണി മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി.അധികപെൻഷൻ നൽകുന്നത് പഠിക്കാൻ 1989ൽ സംസ്ഥാനസർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 2009ലെ സംസ്ഥാന ശമ്പളകമ്മിഷൻ ഇക്കാര്യം ശുപാർശയും ചെയ്തിരുന്നു. 2011ലെ സംസ്ഥാന ബഡ്ജറ്റിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ആന്റണി ചൂണ്ടിക്കാട്ടി. 80 വയസ് പിന്നിട്ടവർക്ക് 20 ശതമാനവും 85 വയസ് പിന്നിട്ടാൽ 30ശതമാനവും 90 വയസായാൽ 40 ശതമാനവും 95വയസ് കഴിഞ്ഞാൽ 50ശതമാനവും 100വയസായാൽ 100ശതമാനവുംഅധികപെൻഷൻ നൽകണമെന്നാണ് കേന്ദ്രനിർദ്ദേശം.1992 മുതൽ കേന്ദ്രത്തിലെ സർവീസ് പെൻഷൻകാർക്ക് ഈ ആനുകൂല്യം കിട്ടുന്നുണ്ട്.

കെ.എസ്.ഇ.ബി.യിൽ നിന്ന് എക്സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച പട്ടം സ്വദേശിയായ എം.ജെ.ആന്റണി പെൻഷൻകാരുടെ അവകാശങ്ങൾക്ക് വേണ്ടി സ്വയം പോരാടുന്ന വ്യക്തിയാണ്. 88വയസുള്ള ആന്റണിയും സുഹൃത്ത് കെ.എം.ജോസഫും ചേർന്നാണ് മൂന്ന് ദശകങ്ങളായി അധികപെൻഷനായി പോരാട്ടം നടത്തിവന്നത്. അടുത്തിടെ കെ.എം.ജോസഫ് നിര്യാതനായി. വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്.സർക്കാർ വയോജനങ്ങളോട് പ്രത്യേക ആഭിമുഖ്യം പുലർത്തുന്ന സാഹചര്യത്തിൽ തന്റെ പോരാട്ടം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എം.ജെ.ആന്റണി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA