
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കോഴിക്കോട് ചാത്തമംഗലം വിനീഷിന്റെയും ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം സൂചി പുറത്തെടുത്തത്. കുഞ്ഞിന് ഇപ്പോൾ ഒരു വയസും രണ്ടു മാസവും പ്രായമായി. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടെ സൂചി ശരീരത്തിൽ കയറാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാതാപിതാക്കൾ ഈ വാദം തള്ളി. കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം ജൂണിലാണ് ജനിച്ചത്. പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടർന്ന് എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് കണ്ടത്. വിവരം അന്നുതന്നെ ഡ്യൂട്ടി ഡോക്ടറെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ സ്‌കാനിംഗിൽ പ്രശ്‌നങ്ങൾ കണ്ടെത്താനായില്ലെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു. മുലപ്പാൽ കുടിക്കാൻ ബുദ്ധിമുട്ടും ഇടയ്ക്കിടെ വേദനയും അനുഭവപ്പെട്ടിരുന്നു. അടുത്തിടെ ശരീരത്തിൽ തടിപ്പുണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടത്തെ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചി കണ്ടെത്തിയതും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും.
ബാലാവകാശ കമ്മിഷൻ
കേസെടുത്തു
മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് അടിയന്തര അന്വേഷണം നടത്താൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകി. ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയോടും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട് തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |