
കൊച്ചി: മട്ടാഞ്ചേരിയിൽ ഡാൻസാഫ് പിടിച്ച 2 കിലോ രാസലഹരി കൊച്ചിയിലേക്ക് കടത്തിയത് കേരള എക്‌സ്‌പ്രസിൽ. സെപ്തംബർ 1ന് ഡൽഹിയിൽനിന്ന് ഇലക്ട്രോണിക്സ് സാധനങ്ങൾ എന്ന വ്യാജേനയാണ് എയർകൂളറുകളിൽ രാസലഹരി ഒളിപ്പിച്ച് ട്രെയിനിൽ കയറ്റിയത്.
ന്യൂഡൽഹി കേന്ദ്രമായുള്ള എസ്.ആർ.ഇ ലോജിസ്റ്റിക്സാണ് പാഴ്സൽ കൊണ്ടുവരാൻ പാട്ടവ്യവസ്ഥയിൽ റെയിൽവേയിൽനിന്ന് കരാറെടുത്ത കമ്പനി. കമ്പനിയുടെ കൊച്ചിയിലെ ഏജന്റുമാരുടെ പേരിലാണ് രാസലഹരി അടങ്ങിയ പാഴ്സലുകൾ ബുക്കുചെയ്തത്. യഥാർത്ഥ ഉടമകളെ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് ഈ തന്ത്രമെന്ന് സംശയിക്കുന്നു.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ മൂന്നാംതീയതി വൈകിട്ട് എത്തിയ കേരള എക്സ്‌പ്രസിന്റെ എൻജിനോട് ചേർന്ന ലഗേജ് കം ബ്രേക്ക് വാനിൽനിന്ന് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലാണ് എം.ഡി.എം.എ അടങ്ങിയ പാഴ്സലുകൾ ഇറക്കിയത്. ഇവ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. മറ്റ് പാഴ്സലുകൾ ഏജന്റുമാർ കളമശേരിയിലെ കമ്പനിയുടെ ഗോഡൗണിലേക്ക് മാറ്റി.
ഡൽഹിയിൽനിന്ന് ചെറുതും വലുതുമായ 100 പാഴ്സലുകളാണ് കയറ്റിയത്. ഈറോഡ്, വിജയവാഡ ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിൽ ചരക്കുകൾ ഇറക്കിയിട്ടുണ്ട്. കമ്പനിയുടെ എറണാകുളത്തെ ഏജന്റുമാരായ രോഹിത്, മനോജ് എന്നിവരെ കൊച്ചി സിറ്റി പൊലീസ് ചോദ്യംചെയ്തു. ഇവരുടെ പേരിലാണ് സാധനങ്ങൾ കയറ്റിഅയച്ചത്. ഗോഡൗണിലും പരിശോധന നടത്തി. ഓട്ടോ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
ട്രെയിനിലാണ് ലഹരി കടത്തിയതെന്ന് സ്ഥിരീകരിച്ചതോടെ ഇന്നലെ വൈകിട്ട് എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ കേരള എക്സ്‌പ്രസിലെ ലഗേജ് കം ബ്രേക്ക് വാനിലെ മുഴുവൻ പാഴ്സൽ സാധനങ്ങളും പൊലീസ് പരിശോധിച്ചു. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, സൗത്ത് ആർ.പി.എഫ് സി.ഐ ബിനോയ് ആന്റണി, നോർത്ത് ആർ.പി.എഫ് സി.ഐ വിനോദ് നായർ, റെയിൽവേ സി.ഐ വിബിൻകുമാർ, എസ്.എച്ച്.ഒ എ. നിസാറുദ്ദീൻ, എസ്.ഐ സുനിൽകുമാർ, ആർ.പി.എഫ് എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |