
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തിൽ ഏഴു ജീവനക്കാർക്കു കൂടി സസ്‌പെൻഷൻ. ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശപ്രകാരമാണിത്.
സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ സജീവ് പോൾ,അറക്കപ്പടി മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് അഞ്ജു വിജയൻ,തുറവൂർ മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് സന്ധ്യ എ.എസ്,പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം.ആർ,പോഞ്ഞാശ്ശേരി വില്പനശാലയിലെ സൗമിനി എസ്,കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി,ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസിൽ ചെറിയ എ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പെരുമ്പാവൂർ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാർഡ് പദ്ധതിയിലൂടെ സ്വകാര്യ കമ്പനിയായ കീർത്തി നിർമ്മലിന് ആയിരം രൂപയുടെ 1000 കൂപ്പണുകൾ നൽകിയിരുന്നു. ഈ കൂപ്പണുകളുടെ തുകയ്ക്ക് സബ്സിഡിയിതര പഞ്ചസാര നൽകുന്നതിനായി മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രൻ ഡിപ്പോയിൽ നിന്നും തുറവൂർ,പാലിശ്ശേരി, കറുകുറ്റി, ശ്രീമൂലനഗരം,പോഞ്ഞാശ്ശേരി,അറക്കപ്പടി എന്നീ സപ്ലൈകോയിലേക്ക് പഞ്ചസാര വിതരണം ചെയ്യുകയും തുടർന്ന് ഈ ഔട്ട്‌ലെറ്റുകളിൽ നിന്ന് പഞ്ചസാര ബില്ലടിക്കുകയും ചെയ്തു. എന്നാൽ,ബില്ലടിക്കുന്നതിന് ആവശ്യമായ പഞ്ചസാര മേൽപ്പറഞ്ഞ ഔട്ട്‌ലെറ്റുകളിലേക്ക് കൈമാറിയതായി രേഖകളിലാണ് കാണിച്ചത്.
പഞ്ചസാരയ്ക്ക് വിപണിയിൽ വില വ്യത്യാസമുള്ളപ്പോൾ വൻതോതിൽ സ്റ്റോക്ക് കൈമാറ്റം ചെയ്യാൻ കീഴ്ജീവനക്കാരെ പ്രേരിപ്പിക്കുകയും സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ മേലുദ്യോഗസ്ഥരുടെ അറിവോടെയാണെന്ന സന്ദേശം കൈമാറുകയും ചെയ്തതിനാലാണ് സജീവിനെ സസ്‌പെൻഡ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |