
തിരുവനന്തപുരം:വ്യാവസായിക ആവശ്യങ്ങൾക്ക്ഭൂമി ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന രണ്ടാംഭൂപരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ രൂപീകരിച്ച അഞ്ചംഗ സമിതി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. മുൻ ലാൻഡ് റവന്യൂകമ്മിഷണർ എ.ടി.ജയിംസ് ചെയർമാനായുള്ള സമിതി പരിഗണിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് ഉത്തരവിറക്കും.
മുൻ ഗവൺമെന്റ് പ്ളീഡർ എൽ.അലോഷ്യസ്തോമസ്, മുൻ ഡെപ്യൂട്ടി കളക്ടർ എം.എസ്.സാബു, ജോയിന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ള നിയമവകുപ്പ് പ്രതിനിധി, ലാൻഡ് ബോർഡ് സെക്രട്ടറി (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഉപയോഗിക്കപ്പെടാതെയോ, ചുവപ്പുനാടയിലായോ കിടക്കുന്ന ഭൂമിയും വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും മിച്ചഭൂമിയും ഉൾപ്പെടുത്തി ലാൻഡ് ബാങ്ക് രൂപീകരിക്കാനും ലക്ഷ്യമുണ്ട്. ഭൂപരിഷ്‌കരണനിയമത്തിൽ മാറ്റമുണ്ടാകുമ്പോൾ നിയമപ്രശ്നങ്ങളും ഉയർന്നേക്കാം.
ഇ.എം.എസ് സർക്കാരിൽ കെ.ആർ.ഗൗരിഅമ്മ അവതരിപ്പിച്ചതും അച്യുതമേനോൻ സർക്കാർ പൂർത്തീകരിച്ചതുമായ ഭൂപരിഷ്‌കരണനിയമം, ജന്മിത്വം അവസാനിപ്പിച്ച് കർഷകർക്കും തൊഴിലാളികൾക്കും ഭൂമി നൽകാനായിരുന്നു. എന്നാൽ വാണിജ്യസംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം വേഗത്തിലാക്കാനും ലാൻഡ് പൂളിംഗ് നടപ്പാക്കാനുമാണ് പുതിയ നീക്കം. അഞ്ചംഗസമിതിയുടെ നിർദ്ദേശങ്ങൾ കിട്ടിയാൽ നിയമസഭയിൽ നിയമഭേദഗതി കൊണ്ടുവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |